മിസോറി: ഇന്ത്യന്‍ ചെസ് താരം പ്രഗ്നനാനന്ദയുടെ സ്വപ്നക്കുതിപ്പ് തുടരുന്നു. അമേരിക്കയിലെ സെന്റ് ലൂയിസില്‍ നടന്ന സെന്റ് ലൂയിസ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ടൂര്‍ണമെന്റില്‍ കിരീടം സ്വന്തമാക്കിക്കൊണ്ട് ഇരുപതുകാരനായ താരം ലോക ചെസ് വേദിയില്‍ വീണ്ടും തന്റെ മികവ് തെളിയിച്ചു. കരിയറില്‍ ആദ്യമായാണ് പ്രഗ്നനാനന്ദ ഈ കിരീടം നേടുന്നത്. ടൂര്‍ണമെന്റില്‍ ഒരു റൗണ്ട് ബാക്കി നില്‍ക്കെ തന്നെ ചാമ്പ്യന്‍ പട്ടം ഉറപ്പിച്ച താരം, 47 ലക്ഷം രൂപയുടെ സമ്മാനത്തുകയും സ്വന്തമാക്കി.
റാപ്പിഡ് വിഭാഗത്തില്‍ പ്രകടമാക്കിയ മികച്ച ഫോം ബ്ലിറ്റ്സ് മത്സരങ്ങളിലും താരം നിലനിര്‍ത്തി. ആകെ 23.5 പോയിന്റ് നേടിയാണ് പ്രഗ്നനാനന്ദ ഒന്നാമതെത്തിയത്. 22 പോയിന്റുമായി ഉസ്ബെക്കിസ്ഥാന്റെ യാവോഖിര് സിന്ദറോവ് രണ്ടാമതും, 20.5 പോയിന്റുമായി അമേരിക്കന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ വെസ്ലി സോ മൂന്നാം സ്ഥാനത്തുമെത്തി. ടൂര്‍ണമെന്റിലുടനീളം ഒരു മത്സരം മാത്രമാണ് പ്രഗ്നനാനന്ദയ്ക്ക് പരാജയപ്പെടേണ്ടി വന്നത്. ബ്ലിറ്റ്സ് വിഭാഗത്തില്‍ നേടാവുന്ന 18 പോയിന്റില്‍ 11.5 പോയിന്റ് സ്വന്തമാക്കിയാണ് അദ്ദേഹം കിരീടത്തിലേക്കുള്ള വഴി സുഗമമാക്കിയത്. ഈ വിജയത്തോടെ ഗ്രാന്‍ഡ് ചെസ് ടൂര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും പ്രഗ്നനാനന്ദയ്ക്ക് സാധിച്ചു. ഇതോടെ ഈ വര്‍ഷാവസാനം നടക്കുന്ന ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലിലേക്കുള്ള യോഗ്യതാ സാധ്യതകളും ശക്തമായി.
ഈ വര്‍ഷം ജൂണില്‍ മാഗ്നസ് കാള്സണ്, ഗുകേഷ്, അലിറേസ ഫിറോസ്ജ തുടങ്ങിയ ലോകോത്തര താരങ്ങളെ മറികടന്ന് നോര്‍വേ ചെസ് കിരീടം സ്വന്തമാക്കി പ്രഗ്നനാനന്ദ ചരിത്രം കുറിച്ചിരുന്നു. ആ വിജയത്തിന് പിന്നാലെ തമിഴ്നാട് സര്‍ക്കാര്‍ താരത്തിന് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സെന്റ് ലൂയിസിലെ ഈ പുതിയ കിരീട നേട്ടത്തോടെ ഇന്ത്യന്‍ ചെസിന്റെ ഭാവി വാഗ്ദാനമെന്ന നിലയില്‍ തന്റെ സ്ഥാനം കൂടുതല്‍ ഭദ്രമാക്കിയിരിക്കുകയാണ് പ്രഗ്നനാനന്ദ.

