വാഷിങ്ടൺ ഡി.സി: തിരുവനന്തപുരം നഗരവും അമേരിക്കയിലെ വിവിധ നഗരങ്ങളും തമ്മിൽ ഐ.ടി, സ്മാർട്ട് സിറ്റി, വിദ്യാഭ്യാസം, സാംസ്കാരിക കൈമാറ്റം, നഗരഭരണം തുടങ്ങിയ മേഖലകളിൽ ദീർഘകാല സഹകരണം ശക്തമാക്കാൻ അമേരിക്കയിലെ ഇന്ത്യൻ എംബസിയുടെ പിന്തുണ. അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി വാഷിങ്ടണിലെ ഇന്ത്യൻ എംബസി സന്ദർശിച്ച തിരുവനന്തപുരം മേയർ വി.വി. രാജേഷ് എംബസി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ അനുകൂല പ്രതികരണമുണ്ടായത്.
കേരളത്തിന്റെ തനതായ കലാപാരമ്പര്യങ്ങളായ കളരിപ്പയറ്റ്, കഥകളി തുടങ്ങിയ കലാരൂപങ്ങൾ സമഗ്രമായ സാംസ്കാരിക പാക്കേജായി അമേരിക്കയിൽ അവതരിപ്പിക്കാനുള്ള സാധ്യതകളും ചർച്ചയിൽ വിഷയമായി. ഇത്തരം പരിപാടികൾക്ക് മികച്ച സ്വീകാര്യത ലഭിക്കുമെന്നും ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വിവിധ വേദികളിൽ അവതരിപ്പിക്കുന്നതിന് പിന്തുണ നൽകാനാകുമെന്നും എംബസി ഉദ്യോഗസ്ഥർ ഉറപ്പുനൽകി. കൂടാതെ, ഐ.ടി, ഡിജിറ്റൽ നവീകരണം, മാലിന്യ സംസ്കരണം, നഗരാസൂത്രണം എന്നീ മേഖലകളിൽ അമേരിക്കൻ നഗരങ്ങളുമായി പങ്കാളിത്തം സ്ഥാപിക്കാനുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ വികസന കാഴ്ചപ്പാടും മേയർ വിശദീകരിച്ചു.
ഇത്തരം സഹകരണ സംരംഭങ്ങൾ വിജയകരമാക്കാൻ ഇരുരാജ്യങ്ങളിലെയും സർക്കാർ ഏജൻസികളുമായുള്ള ഏകോപനം അനിവാര്യമാണെന്നും അതിനായി ഇന്ത്യൻ എംബസിയുടെ പിന്തുണ നിർണായകമാണെന്നും മേയർ ചൂണ്ടിക്കാട്ടി. സന്ദർശനത്തിനിടെ വിവിധ നഗരങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര വികസനത്തിനായി ആഗോള പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് മേയർ വ്യക്തമാക്കി. ഭാവിയിൽ സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സാംസ്കാരിക കൈമാറ്റം എന്നീ മേഖലകളിൽ കൂടുതൽ ഔദ്യോഗിക സഹകരണത്തിനും സംയുക്ത പദ്ധതികൾക്കും ഈ കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

