ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്ത്. പാകിസ്താൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ രണ്ടാം ജന്മമാണ് രാഹുൽ ഗാന്ധിയെന്ന് നിഷികാന്ത് ദുബെ ആരോപിച്ചു. ജാർഖണ്ഡിലെ വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.
ജിന്നയുടെ രണ്ടാം ജന്മം രാഹുൽ ഗാന്ധിയുടെ രൂപത്തിൽ സംഭവിച്ചിരിക്കുന്നു എന്ന് സമൂഹമാധ്യമമായ എക്സിലൂടെ നിഷികാന്ത് ദുബെ കുറിച്ചു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നുവെങ്കിൽ ജാർഖണ്ഡിലെ സംസ്ഥാന സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, വിദ്യാർത്ഥി പ്രതിഷേധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
കേസിലെ പ്രധാന പ്രതിയായ ധർമേന്ദ്രയെ ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥന്റെ വസതിയിൽ നിന്നാണ് പിടികൂടിയതെന്ന് നിഷികാന്ത് ദുബെ ചൂണ്ടിക്കാട്ടി. സമഗ്രമായ അന്വേഷണം നടന്നാൽ അത് മുഖ്യമന്ത്രി ഹേമന്ത് സോറനിലേക്ക് എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം നടക്കുന്നിടത്തെല്ലാം രാഹുൽ ഗാന്ധി എത്തുന്നുണ്ടെന്നും, ജോർജ് സോറോസിന്റെ അജൻഡ അനുസരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും നിഷികാന്ത് ദുബെ ആരോപിച്ചു. ജിന്നയെക്കാൾ മോശം നിലപാടാണ് രാഹുൽ ഗാന്ധി സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

