തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലുടനീളമുള്ള 15,000 കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തുമെന്നും ‘വന്ദേമാതരം’ പൂർണമായി ആലപിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ബൂത്ത്, പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലങ്ങളിൽ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിലായിരിക്കും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുക. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതീകമായ ‘വന്ദേമാതരം’ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം, രാജ്യവിരുദ്ധ ശക്തികളെ പിന്തുണയ്ക്കുന്ന നിലപാടുകൾക്കെതിരെ ജനകീയ പ്രതിരോധം തീർക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ത്രിവർണ പതാക ഉയർത്തി ഭാരതത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാനും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ ബിജെപി മുൻപന്തിയിലുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾക്ക് രാഷ്ട്രീയ പിന്തുണ നൽകുന്നുവെന്ന് ആരോപിച്ച് സിപിഎമ്മിനെയും കോൺഗ്രസിനെയും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. കേരളത്തിലെ രാജ്യസ്‌നേഹികളായ ജനങ്ങൾ ഇത്തരം നിലപാടുകൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട ഗീതമാണ് വന്ദേമാതരമെന്നും അതിന്റെ മഹത്വം ഉയർത്തിപ്പിടിക്കേണ്ടത് ഓരോ ഭാരതീയന്റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യവ്യാപകമായി ലക്ഷക്കണക്കിന് കേന്ദ്രങ്ങളിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് കേരളത്തിലും വിപുലമായ രീതിയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഒരേ മനസ്സോടെയുള്ള ഈ ആലപനത്തിലൂടെ ദേശീയതയുടെയും ദേശസ്‌നേഹത്തിന്റെയും ശക്തമായ സന്ദേശം നൽകാനാണ് ബിജെപി ലക്ഷ്യമിടുന്നത്

