കൊച്ചി: വീര സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം തയ്യാറാക്കിയതിന്റെ പേരിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ ഹൈക്കോടതി. ചോദ്യം തെറ്റാണെന്ന് കണ്ടെത്തിയാൽ പോലും, അതിന്റെ പേരിൽ മാത്രം ഒരു അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ സാധിക്കുമോയെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. സസ്പെൻഷനിലേക്ക് നയിച്ച വ്യക്തമായ കാരണം ബോധിപ്പിക്കണമെന്നും കോടതി കർശന നിർദേശം നൽകി. ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി.
കാസർകോട് കുമ്പള പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകൻ ഗുരുപ്രസാദാണ് സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. എൽപി വിഭാഗം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘ഫ്രീഡം ക്വിസ്’ മത്സരത്തിനായി തയ്യാറാക്കിയ ചോദ്യാവലിയിൽ സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം ഉൾപ്പെടുത്തിയതാണ് വകുപ്പുതല നടപടിക്ക് കാരണമായത്.
‘ബ്രിട്ടീഷുകാരിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്നായിരുന്നു ചോദ്യം. ഇതിന്റെ ഉത്തരസൂചികയിൽ വി ഡി സവർക്കർ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. കുമ്പള, മഞ്ചേശ്വരം, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് വിതരണം ചെയ്ത ചോദ്യാവലിയിലെ ഈ ഭാഗം വലിയ വിവാദമായിരുന്നു. ചരിത്രപരമായ വസ്തുത ഉത്തരമായി നൽകിയതിന് അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ബിജെപി ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. നീതി ലഭ്യമാകുന്നതുവരെ അധ്യാപകനൊപ്പം നിലകൊള്ളുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.

