കൊല്ലം: കൊല്ലം തുറമുഖത്ത് നങ്കൂരമിട്ട വിദേശ ചരക്കുകപ്പലിലുണ്ടായ സ്‌ഫോടനത്തിൽ ചീഫ് എൻജിനീയർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഉത്തർപ്രദേശ് സ്വദേശിയായ സത്യപ്രകാശ് (40) ആണ് അപകടത്തിൽപ്പെട്ടത്. മുഖത്തും ശരീരമാസകലവും സാരമായി പൊള്ളലേറ്റ ഇയാളെ തീരദേശ പൊലീസിന്റെയും തുറമുഖ ജീവനക്കാരുടെയും നേതൃത്വത്തിൽ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റിയിരിക്കുകയാണ്.
ആന്ധ്രപ്രദേശിൽ നിന്ന് അരിയുമായി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പുറപ്പെട്ട ‘ഐഒഎൽ സഫയർ’ എന്ന ചരക്കുകപ്പലിലാണ് ഇന്ന് ഉച്ചയോടെ അപകടം സംഭവിച്ചത്. സമുദ്രസഞ്ചാരത്തിനിടെ എൻജിൻ റൂമിലെ ജനറേറ്ററിന് സാങ്കേതിക തകരാർ ഉണ്ടായതിനെത്തുടർന്ന് ഈ മാസം 23-ാം തീയതി മുതൽ കപ്പൽ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു.
കപ്പലിലെ തകരാറിലായ ഭാഗങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് വലിയ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. വെൽഡിങ് ജോലികൾ നടക്കുന്നതിനിടെ തീപ്പൊരിയിൽ നിന്ന് വാതകം ചോർന്ന് തീപിടിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

