കൊച്ചി: സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ അതീവ ശക്തമാക്കി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തുന്ന പ്രത്യേക സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായാണ് നടപടി. ഓഗസ്റ്റ് 20 വരെ ഈ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ തുടരുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദ്ദേശപ്രകാരമാണ് സുരക്ഷാ നടപടികൾ കർശനമാക്കിയിരിക്കുന്നത്.
വിമാനത്താവളത്തിനകത്തും പുറത്തുമുള്ള നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാരുടെയും ബാഗേജുകളുടെയും കാർഗോ ചരക്കുകളുടെയും പരിശോധനകൾ അതീവ ജാഗ്രതയോടെയായിരിക്കും നടക്കുക. ഇതിനുപുറമെ, വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് ലാഡർ പോയിന്റിൽ യാത്രക്കാർക്ക് അധിക സുരക്ഷാ പരിശോധനയായ ‘സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക്’ ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവള പരിസരത്ത് വാഹന പരിശോധനയും കൂടുതൽ കർശനമാക്കി.
സുരക്ഷാ നടപടികളുടെ ഭാഗമായി ഓഗസ്റ്റ് 20 വരെ കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്‌ട്ര ടെർമിനലുകളിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. അതിനാൽ, യാത്രക്കാരെ വിമാനത്താവളത്തിൽ എത്തിക്കാനും സ്വീകരിക്കാനും എത്തുന്നവർക്ക് ടെർമിനലിനുള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കില്ല. സുരക്ഷാ പരിശോധനകൾക്ക് സാധാരണയേക്കാൾ കൂടുതൽ സമയം ആവശ്യമായി വരുന്നതിനാൽ, യാത്രക്കാർ പതിവിലും നേരത്തെ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നും അധികൃതർ നിർദ്ദേശിച്ചു.

