നോർവിച്ച്: ബ്രിട്ടനിലെ നോർവിച്ചിലുള്ള ചരിത്രപ്രാധാന്യമുള്ള പബ് കെട്ടിടം മുസ്ലിം പള്ളിയാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. ഡെറെഹാം റോഡിൽ സ്ഥിതി ചെയ്യുന്ന, ഗ്രേഡ്-2 പദവിയുള്ള ‘ദ ഗേറ്റ്ഹൗസ്’ എന്ന പബ് കെട്ടിടം ആരാധനാലയമായി മാറ്റുന്നതിനുള്ള പദ്ധതിയാണ് നോർവിച്ച് മുസ്ലിം സെന്റർ (NMC) സിറ്റി കൗൺസിലിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്.
പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം പ്രാർഥനാ ഹാളുകൾ, മദ്രസ, ഹിഫ്‌സ് മദ്രസ, ഇസ്ലാമിക പഠന ക്ലാസുകൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ പദ്ധതി. കെട്ടിടം സ്വന്തമാക്കുന്നതിനായി ഇതിനകം 10 ശതമാനം തുക മുൻകൂറായി നൽകിയതായും, പദ്ധതി പൂർത്തിയാക്കാൻ 8 ലക്ഷം പൗണ്ട് കൂടി സമാഹരിച്ചുവരികയാണെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 1934-ൽ നിർമിച്ച ഈ പബ്, ഉടമയുടെ മരണത്തെത്തുടർന്ന് 2023-ലാണ് പ്രവർത്തനം അവസാനിപ്പിച്ചത്. നഗരത്തിലെ നിലവിലെ പള്ളികളിലെ സ്ഥലപരിമിതി പരിഹരിക്കാനും, അടുത്ത തലമുറയ്‌ക്ക് ഇസ്ലാമിക പഠനത്തിനായി ഒരു കേന്ദ്രം ഒരുക്കുകയുമാണ് ലക്ഷ്യമെന്ന് എൻ.എം.സി ട്രസ്റ്റി സിറാജുൽ ഇസ്ലാം അറിയിച്ചു.
അതേസമയം, പദ്ധതിക്കെതിരെ സിറ്റി കൗൺസിലിന്റെ പ്ലാനിങ് പോർട്ടലിൽ നിരവധി പ്രദേശവാസികളാണ് തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തിയത്. നഗരത്തിൽ നിലവിൽ തന്നെ ആവശ്യത്തിന് പള്ളികളുണ്ടെന്നും, സാമൂഹിക ഒത്തുചേരലുകൾക്ക് വേദിയായിരുന്ന ഒരു ജനപ്രിയ പബ് കൂടി ഇല്ലാതാകുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് പ്രധാന വിമർശനം. സംഗീത പരിപാടികൾക്കും സാമൂഹിക കൂട്ടായ്മകൾക്കും പേരുകേട്ട ഇടമായിരുന്നു ഇതെന്നും, ആരാധനാലയമായി മാറുമ്പോൾ പ്രദേശത്തെ ഗതാഗതത്തിരക്ക് വർധിക്കുമെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

