വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് പൂർണ നിയന്ത്രണമുണ്ടെന്നും അത് വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഹോർമുസിൽ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയ ഉപരോധത്തെ ‘ഇരുമ്പുമതിൽ’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാന് ഇതിനെതിരെ ഒന്നും ചെയ്യാനാകില്ലെന്നും അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ നാവിക ഉപരോധം കൂടുതൽ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ ഉപരോധം പിൻവലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം. അമേരിക്ക തങ്ങളുടെ നടപടികൾ അവസാനിപ്പിക്കുകയും, യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയും, സാമ്പത്തിക ഉപരോധങ്ങൾ പിൻവലിച്ച് മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുകയും വേണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ. അതേസമയം, കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഒമാനുമായി ഇറാൻ പ്രത്യേക ചർച്ചകൾ നടത്തിവരികയാണ്. താൽക്കാലിക കപ്പൽപ്പാത ഒരുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചാവിഷയമാണെങ്കിലും, അമേരിക്കയുമായുള്ള തർക്കങ്ങൾക്ക് പരിഹാരമുണ്ടായാൽ മാത്രമേ കടലിടുക്ക് പൂർണമായി തുറക്കുകയുള്ളൂ എന്ന നിലപാടിലാണ് ഇറാൻ ഉറച്ചുനിൽക്കുന്നത്.
ലോകത്തെ മൊത്തം എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന നിർണായക ജലപാതയാണ് ഹോർമുസ് കടലിടുക്ക്. നിലവിലെ സാഹചര്യത്തിൽ കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള ഊർജ വിപണിയിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനിടെ, അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ച പനാമ പതാകയുള്ള കപ്പലിന് നേരെ ഗൾഫ് ഓഫ് ഒമാനിൽ യുഎസ് സൈന്യം ആക്രമണം നടത്തി. മുന്നറിയിപ്പുകൾ അവഗണിച്ച് കപ്പൽ സഞ്ചാരം തുടർന്നതിനെത്തുടർന്ന് ഹെലികോപ്റ്ററിൽ നിന്നും മിസൈൽ പ്രയോഗിക്കുകയായിരുന്നുവെന്ന് യുഎസ് സെൻട്രൽ കമാൻഡ് വിശദീകരിച്ചു. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ ഭാഗത്തിന് ഗുരുതരമായ തകരാർ സംഭവിച്ചിട്ടുണ്ട്.

