വാഷിങ്ടൺ: ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ സ്ഥാനത്തുനിന്ന് നീക്കാനുള്ള നീക്കങ്ങൾക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായ മുന്നറിയിപ്പുമായി രംഗത്ത്. ഇന്‍ഫാന്റിനോയെ മാറ്റാനുള്ള തീരുമാനം ഫിഫയുടെ ഭാഗത്തുനിന്നുണ്ടാകുന്ന വലിയ തെറ്റായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
വിവാദമായ ഫിഫ ഫോർവേഡ് എന്റർപ്രൈസ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ എതിർപ്പുകൾ ശക്തമായത്. ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫയുടെ വാണിജ്യാവകാശങ്ങളിൽ പങ്കാളിത്തം സ്വകാര്യ നിക്ഷേപകർക്ക് നൽകാൻ ലക്ഷ്യമിട്ടായിരുന്നു ഈ പദ്ധതി. ഏകദേശം 4.2 ബില്യൺ ഡോളർ സമാഹരിക്കാൻ ഉദ്ദേശിച്ചുള്ള ഈ നീക്കത്തിനെതിരെ യുവേഫ, എഎഫ്‌സി, കോൺകാകാഫ് തുടങ്ങിയ വിവിധ ഫുട്ബോൾ സംഘടനകൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പദ്ധതി പിൻവലിച്ചെങ്കിലും ഇന്‍ഫാന്റിനോയുടെ നേതൃത്വത്തിനെതിരായ അതൃപ്തി തുടരുകയാണ്.
ഇന്‍ഫാന്റിനോയുടെ നേതൃത്വത്തിൽ ഫിഫ മികച്ച നേട്ടങ്ങൾ കൈവരിച്ചുവെന്നും, അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കുന്നത് സംഘടനയുടെ പ്രവർത്തനത്തെയും സാമ്പത്തിക ലാഭത്തെയും പ്രതികൂലമായി ബാധിക്കുമെന്നുമാണ് ട്രംപിന്റെ വിലയിരുത്തൽ. അടുത്ത വർഷം മാർച്ചിൽ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 211 അംഗ അസോസിയേഷനുകളുടെ നിലപാടാകും ഇന്‍ഫാന്റിനോയുടെ ഭാവി നിർണയിക്കുക.

