ന്യൂഡൽഹി: 2025 നവംബറിൽ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന് പിന്നിൽ അൽഖ്വയ്ദയുടെ ഇന്ത്യൻ ഘടകമായ എ.ക്യു.ഐ.എസ് (AQIS) ആണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ഓഗസ്റ്റ് 10-ന് പ്രസിദ്ധീകരിച്ച യുഎൻ സുരക്ഷാസമിതി ഉപരോധ നിരീക്ഷണ സംഘത്തിന്റെ 38-ാമത് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
എ.ക്യു.ഐ.എസ് ഒരു ചിതറിക്കിടക്കുന്ന സംഘടനയിൽ നിന്നും വികേന്ദ്രീകൃതമായ പ്രാദേശിക ഭീകരസംഘടനയായി മാറുകയാണെന്ന് യുഎൻ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ചെറിയ സെല്ലുകളിലൂടെ പ്രവർത്തിക്കുന്ന സംഘടന ശക്തമായ സാമ്പത്തിക-ലോജിസ്റ്റിക് ശൃംഖലകൾ വികസിപ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഭീകര സെല്ലുകൾ സ്ഥാപിക്കാനുള്ള ഇവരുടെ നീക്കങ്ങളിലും റിപ്പോർട്ട് ആശങ്ക രേഖപ്പെടുത്തുന്നു. കൂടാതെ, അൽഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും രാസ, ജൈവ ആയുധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നതായും, റിസിൻ ഉൾപ്പെടെയുള്ള വിഷവസ്തുക്കളിൽ ഐഎസ്-ഖൊറാസാൻ ഘടകത്തിന് താൽപര്യമുള്ളതായും നിരീക്ഷണ സംഘം വിലയിരുത്തുന്നു.
ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികൾക്ക് അൽഖ്വയ്ദയുടെ ഉപസംഘടനയായ അൻസാർ ഗസ്വത്-ഉൽ-ഹിന്ദുമായുള്ള ബന്ധം നേരത്തെ എൻഐഎ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചാവേറായ ഉമർ ഉൻ നബി ഉൾപ്പെടെയുള്ള 10 പ്രതികൾക്കെതിരെ 7,500 പേജുള്ള കുറ്റപത്രമാണ് എൻഐഎ സമർപ്പിച്ചിരിക്കുന്നത്. ഭീകര സംഘടനകളുടെ ഓൺലൈൻ ഗ്രൂപ്പുകളിൽ മാരകമായ ആയുധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.

