തിരുവനന്തപുരം: എൽഡിഎഫ് ഭരണകാലത്ത് പി.എസ്.സിയിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ നിലവിലെ സർക്കാർ തയ്യാറാകാത്തതിൽ ദുരൂഹതയുണ്ടെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അധികാരത്തിൽ എത്തിയ ഉടൻ തന്നെ സ്വന്തം സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ അട്ടിമറിക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. യുവമോർച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് ഭരണകാലത്ത് നിയമിതരായ പി.എസ്.സി ചെയർമാനും അംഗങ്ങളും പ്രവർത്തിച്ച കാലയളവിലാണ് പി.എസ്.സിയുടെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ക്രമക്കേടുകൾ നടന്നത്. സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളെ നിയമത്തിന് മുന്നിലെത്തിക്കാൻ സർക്കാർ മടിക്കുന്നത് സംശയകരമാണ്. പ്രതിപക്ഷ നേതാവായിരിക്കെ, അധികാരത്തിൽ എത്തിയാൽ പി.എസ്.സി ഉദ്യോഗാർഥികൾക്ക് സമരത്തിനിറങ്ങേണ്ടി വരില്ലെന്ന് വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇന്ന് അതേ സെക്രട്ടേറിയറ്റിന് മുന്നിൽ റാങ്ക് ഹോൾഡർമാർ വീണ്ടും സമരത്തിലാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ജന്തർ മന്തറിൽ സമരം ചെയ്യുന്നവരെ പിന്തുണച്ചവർക്ക്, സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളോട് ചർച്ച നടത്താനോ നിയമനത്തിന് വ്യക്തമായ സമയപരിധി പ്രഖ്യാപിക്കാനോ സാധിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ സർക്കാർ പരാജയവും സുരേന്ദ്രൻ ഉയർത്തിക്കാട്ടി. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിൽ മാത്രം സർക്കാർ ഒതുങ്ങുന്നുവെന്നും, ഏകോപനവും നേതൃത്വവും ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനങ്ങൾ താളം തെറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി.എസ്.സി ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾക്കായി നടക്കുന്ന സമരത്തിന് യുവമോർച്ച പൂർണ പിന്തുണ പ്രഖ്യാപിച്ചു. അർഹരായ ഉദ്യോഗാർഥികൾക്ക് നീതി ലഭിക്കുന്നതുവരെയും നിയമന നടപടികൾ വേഗത്തിലാക്കുന്നതുവരെയും സമരം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.എസ്.സി വിഷയത്തിൽ ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ യുവജന സംഘടനകൾ പുലർത്തുന്ന നിശബ്ദതയും ഗൗരവകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

