പത്തനംതിട്ട: കെഎസ്ആർടിസി ജീവനക്കാരുടെ ബസ് പരിപാലന രീതിയെ രൂക്ഷമായി വിമർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. തമിഴ്നാട്ടിലെ ട്രാൻസ്പോർട്ട് ബസുകളിൽ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ബസ് കഴുകി വൃത്തിയാക്കിയ ശേഷമാണ് സർവീസ് നടത്തുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബസുകളിൽ മാലയും ചന്ദനത്തിരിയും വെച്ച് അതീവ ശ്രദ്ധയോടെയാണ് അവർ വാഹനം പരിപാലിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എന്നാൽ കേരളത്തിൽ ഇതിന് വിപരീതമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ചെന്നിത്തല വിമർശിച്ചു. കേരളത്തിലെ ബസുകളിൽ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ഒരു തൊട്ടി വെള്ളം പോലും ഒഴിക്കാൻ തയ്യാറാകുന്നില്ലെന്നും, വാഹന പരിപാലനത്തിൽ അലംഭാവം കാണിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്തനംതിട്ട ജില്ലാ പൊലീസ് കാര്യാലയത്തിന് സംസ്ഥാനത്ത് ആദ്യമായി ലഭിച്ച ഐഎസ്ഒ അംഗീകാരത്തിന്റെ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന അനാവശ്യമായ ആക്രി സാധനങ്ങൾ അടിയന്തരമായി നീക്കം ചെയ്യണം. കൂടാതെ, പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിവാഹനങ്ങൾ സമയബന്ധിതമായി മാറ്റാത്ത സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നൽകി.

