മുംബൈ: റിസര്‍വ് ബാങ്കിന്റെ പണനയ പ്രഖ്യാപനം, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍, അസംസ്കൃത എണ്ണവിലയിലെ മാറ്റങ്ങള്‍ എന്നിവ ഈ വാരം ഇന്ത്യന്‍ ഓഹരി വിപണിയുടെ ഗതി നിര്‍ണ്ണയിക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. വരും ദിവസങ്ങളിലെ വ്യാപാരം ഏറെ സംഭവബഹുലമായിരിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ കണക്കുകൂട്ടൽ.
ഓഗസ്റ്റ് മൂന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന ആര്‍ബിഐ മോണിറ്ററി പോളിസി കമ്മിറ്റി യോഗവും തുടര്‍ന്ന് വരുന്ന തീരുമാനങ്ങളും വിപണിക്ക് പുതിയ ദിശാബോധം നല്‍കും. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ കോര്‍പ്പറേറ്റ് വരുമാന കണക്കുകളും പ്രമുഖ കമ്പനികളുടെ ഫലപ്രഖ്യാപനങ്ങളും നിക്ഷേപകര്‍ ഏറെ ശ്രദ്ധയോടെയാണ് ഉറ്റുനോക്കുന്നതെന്ന് റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡ് റിസര്‍ച്ച് എസ്വിപി അജിത് മിശ്ര വ്യക്തമാക്കി.
ആഗോളതലത്തില്‍, യുഎസ്-ഇറാന് ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും പ്രധാന റൂട്ടുകളിലെ എണ്ണ വിതരണത്തിലെ സ്ഥിരതയും വിപണിയെ സ്വാധീനിക്കും. ഈ സംഘര്‍ഷങ്ങള്‍ രൂക്ഷമായാല്‍ അത് ക്രൂഡ് ഓയില്‍ വിലയിലും ആഗോള നിക്ഷേപ അന്തരീക്ഷത്തിലും പെട്ടെന്ന് പ്രതിഫലിക്കുമെന്ന് എന്റിച്ച് മണി സിഇഒ പൊന്മുടി ആര് അഭിപ്രായപ്പെട്ടു. കൂടാതെ, വിദേശ നിക്ഷേപകരുടെ വ്യാപാര പ്രവര്‍ത്തനങ്ങളും കമ്പനികളുടെ ത്രൈമാസ വരുമാനവും വിപണിയുടെ അടുത്ത ചലനങ്ങള്‍ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാകും.
ഡിഎല്‍എഫ്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ഹീറോ മോട്ടോകോര്‍പ്പ്, എല്‍ഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ പ്രമുഖ കമ്പനികളുടെ പാദഫലങ്ങളും ഈ ആഴ്ച പുറത്തുവരും. കഴിഞ്ഞ ആഴ്ച സെന്‍സെക്സ് 2.67 ശതമാനവും നിഫ്റ്റി 2.59 ശതമാനവും നേട്ടമുണ്ടാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓഹരി വിപണി പുതിയ വ്യാപാര വാരത്തിലേക്ക് പ്രവേശിക്കുന്നത്.

