ന്യൂഡൽഹി: തുടര്‍ച്ചയായ നാല് മാസത്തെ പിന്മാറ്റത്തിന് വിരാമമിട്ട് ജൂലൈ മാസത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ വന്‍ തിരിച്ചുവരവ്. ആകര്‍ഷകമായ ഓഹരി വില, കമ്പനികളുടെ മികച്ച ലാഭവിഹിതം, ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങള്‍ എന്നിവ തുണച്ചതോടെ ജൂലൈയില്‍ മാത്രം 20,200 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചത്.
സിഡിഎസ്എല്‍ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഏതാനും മാസങ്ങളായി വിപണിയില്‍ നിന്ന് വലിയ തോതിലുള്ള മൂലധനം പിന്‍വലിക്കപ്പെട്ടിരുന്നു. മാര്‍ച്ചില്‍ 1.17 ട്രില്യണ്‍ രൂപയും ഏപ്രിലില്‍ 60,847 കോടി രൂപയും മെയ് മാസത്തില്‍ 32,963 കോടി രൂപയും ജൂണില്‍ 49,340 കോടി രൂപയുമാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഈ വന്‍ വിറ്റഴിക്കലിന് ശേഷമാണ് ജൂലൈയിലെ ശ്രദ്ധേയമായ ഈ കുതിച്ചുചാട്ടം രേഖപ്പെടുത്തിയത്.
ഇന്ത്യന്‍ വിപണിയുടെ സുസ്ഥിരതയും രൂപയുടെ മൂല്യത്തിലെ സ്ഥിരതയുമാണ് വിദേശ നിക്ഷേപകരെ വീണ്ടും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നത്. ദക്ഷിണ കൊറിയ, തായ്വാന് തുടങ്ങിയ വിപണികളിലെ അമിത ചാഞ്ചാട്ടവും സാങ്കേതിക വിപണിയിലെ തടസ്സങ്ങളും ഇന്ത്യയെപ്പോലുള്ള സുരക്ഷിത വിപണികളിലേക്ക് ശ്രദ്ധ തിരിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഐടി അടക്കമുള്ള പ്രമുഖ മേഖലകളിലെ കമ്പനികളുടെ ജൂണ്‍ പാദ ഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നതും വിപണിക്ക് കരുത്തേകി. ഓഹരി വിപണിക്ക് പുറമെ കടപ്പത്ര വിപണിയിലേക്കും വിദേശ നിക്ഷേപം ഒഴുകിയെത്തുന്നുണ്ട്.
അതേസമയം, ആഗോള രംഗത്തെ മാറ്റങ്ങളും ക്രൂഡ് ഓയില്‍ വിലയിലെ വ്യതിയാനങ്ങളും വരും മാസങ്ങളില്‍ വിപണിയെ സ്വാധീനിച്ചേക്കാം. ഓഗസ്റ്റ് അഞ്ചിന് വരാനിരിക്കുന്ന ആര്‍ബിഐയുടെ പണനയ പ്രഖ്യാപനവും കമ്പനികളുടെ ആദ്യ പാദ ഫലങ്ങളും ഇന്ത്യന്‍ വിപണിയുടെ വരുംദിനങ്ങളിലെ ഗതിയെ നിര്‍ണ്ണയിക്കുന്ന സുപ്രധാന ഘടകങ്ങളായിരിക്കുമെന്ന് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു.

