പുനെ: ഇന്ത്യയുടെ ചരിത്ര റോവിങ് ലോകകപ്പ് സ്വർണനേട്ടത്തിന് മങ്ങലേൽപ്പിച്ചുകൊണ്ട്, ഇന്ത്യൻ താരം ലക്ഷയ് ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു. മത്സരയിതര ഡോപിങ് പരിശോധനയിലാണ് നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതിനെത്തുടർന്ന് താരത്തെ താൽക്കാലികമായി സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം സ്വിറ്റ്സർലൻഡിൽ നടന്ന റോവിങ് ലോകകപ്പ്-3-ൽ ഉജ്ജ്വൽ സിങ്ങിനൊപ്പം ലൈറ്റ് വെയിറ്റ് ഡബിൾ സ്കൾസ് വിഭാഗത്തിൽ സ്വർണം നേടിയ ലക്ഷയ്, ഇന്ത്യയ്ക്ക് ഈ ഇനത്തിൽ ചരിത്രത്തിലെ ആദ്യ ലോകകപ്പ് സ്വർണം സമ്മാനിച്ച താരമാണ്.
മെയ് 25-ന് പുനെയിൽ നടത്തിയ പരിശോധനയിൽ ശേഖരിച്ച സാമ്പിളിലാണ് സ്റ്റാനോസോളോൾ എന്ന നിരോധിത ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഉത്തേജക മരുന്ന് ഉപയോഗം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടാൽ, ഇന്ത്യയുടെ കന്നി റോവിങ് ലോകകപ്പ് സ്വർണനേട്ടം റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്. ഈ സംഭവം ഇന്ത്യൻ റോവിങ് രംഗത്തിനും ആർമി റോവിങ് നോഡിനും കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്കും ഈ കണ്ടെത്തൽ ഭീഷണിയായിരിക്കുകയാണ്. ലൈറ്റ് വെയിറ്റ് ഡബിൾ സ്കൾസിൽ ലക്ഷയ്-ഉജ്ജ്വൽ സഖ്യം ഇന്ത്യയുടെ പ്രധാന മെഡൽ പ്രതീക്ഷകളിലൊന്നാണ്. 23 വയസ്സുള്ള ലക്ഷയ് ഹരിയാന സ്വദേശിയും ഇന്ത്യൻ സൈന്യത്തിലെ ഹവിൽദാറുമാണ്. കഴിഞ്ഞ വർഷം വിയറ്റ്നാമിൽ നടന്ന ഏഷ്യൻ റോവിങ് ചാമ്പ്യൻഷിപ്പിൽ സ്വർണവും വെള്ളി മെഡലും സ്വന്തമാക്കിയ താരമാണ് ഇദ്ദേഹം. നിലവിലെ സംഭവവികാസങ്ങൾ ഇന്ത്യൻ റോവിങ് ചരിത്രത്തിലെ വലിയ നേട്ടങ്ങളിലൊന്നിൽ അനിശ്ചിതത്വത്തിന്റെ നിഴൽ വീഴ്ത്തിയിരിക്കുകയാണ്.

