ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2027 സീസണിന് മുന്നോടിയായി ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ശ്രമം ശക്തമാക്കിയതായി റിപ്പോർട്ട്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനെ സ്വന്തമാക്കുന്നതിനായി 10 കോടി രൂപയ്ക്കൊപ്പം ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ് എന്നിവരെ ഉൾപ്പെടുത്തിയുള്ള വമ്പൻ ട്രേഡ് ഓഫറാണ് ചെന്നൈ മുന്നോട്ടുവെച്ചിരിക്കുന്നത്.
ഈ ട്രേഡ് പാക്കേജിനെ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, ഹാർദിക്കിന് പകരമായി യുവതാരം ആയുഷ് മത്രെയെയും പണവും മുംബൈ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ടീമിന്റെ ഭാവി വാഗ്ദാനമായി കണക്കാക്കുന്ന മത്രെയെ വിട്ടുനൽകാൻ ചെന്നൈ വിസമ്മതിക്കുകയായിരുന്നു. ഇതിനു പകരമായാണ് നിലവിൽ ദുബെയെയും ബ്രെവിസിനെയും ഉൾപ്പെടുത്തി പുതിയൊരു പാക്കേജ് ചെന്നൈ തയ്യാറാക്കിയിരിക്കുന്നത്.
ഐപിഎൽ 2026 സീസണിൽ മികച്ച സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ ആയുഷ് മത്രെയെ സ്വന്തമാക്കാൻ മുംബൈ പ്രത്യേക താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, ഹാർദിക് പാണ്ഡ്യയുടെ കഴിഞ്ഞ സീസണിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ലെങ്കിലും, ഒരു ഇന്ത്യൻ പേസ് ബൗളിംഗ് ഓൾറൗണ്ടർ എന്ന നിലയിൽ അദ്ദേഹത്തിനുള്ള സാധ്യതകൾ കണക്കിലെടുത്താണ് ചെന്നൈ ഇത്രയും വലിയൊരു തുക മുടക്കാൻ തയ്യാറാകുന്നത്. ട്രേഡ് സംബന്ധിച്ച് ഇരു ഫ്രാഞ്ചൈസികളും ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ചർച്ചകൾ പരാജയപ്പെട്ടാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉൾപ്പെടെയുള്ള ടീമുകൾ ഹാർദിക്കിനായി രംഗത്തെത്തിയേക്കും.

