ന്യൂഡൽഹി: ആധുനിക യുദ്ധമുഖത്ത് മിസൈലുകളുടെയും ഡ്രോണുകളുടെയും കൃത്യമായ പ്രവർത്തനത്തിന് ബഹിരാകാശത്തെ ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകൾ അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിൽ ശത്രുരാജ്യങ്ങളുടെ ഉപഗ്രഹ സിഗ്നലുകളെ തടസ്സപ്പെടുത്തി അവരുടെ ആക്രമണശേഷിയെ നിർവീര്യമാക്കാൻ ലക്ഷ്യമിട്ട് പുതിയ ജാമിംഗ് സംവിധാനം വികസിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ നാവികസേന. ഇതിന്റെ ഭാഗമായി നാവികസേനയുടെ 20 യുദ്ധക്കപ്പലുകളിൽ അത്യാധുനിക ജാമിംഗ് സംവിധാനം സ്ഥാപിക്കുന്നതിനായി 449 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. പദ്ധതി നടപ്പിലാക്കുന്നതിനായി ബെംഗളൂരു ആസ്ഥാനമായുള്ള അക്കോഡ് സോഫ്റ്റ്വെയർ ആൻഡ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡും പ്രതിരോധ മന്ത്രാലയവും തമ്മിൽ കരാർ ഒപ്പുവെച്ചു.
‘എൻഹാൻസ്ഡ് കപ്പാബിലിറ്റി ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം’ എന്ന് പേരിട്ടിരിക്കുന്ന തദ്ദേശീയ സംവിധാനമാണ് വികസിപ്പിക്കുന്നത്. ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം സിഗ്നലുകളെ തടസ്സപ്പെടുത്താനും തെറ്റിദ്ധരിപ്പിക്കാനും ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. മിസൈലുകൾക്കും ഡ്രോണുകൾക്കും ലക്ഷ്യസ്ഥാനം നിർണ്ണയിക്കാൻ സഹായിക്കുന്ന സിഗ്നലുകളിൽ ഇടപെടുന്നതിലൂടെ, ശത്രുക്കളുടെ ആയുധങ്ങളെ വഴിതെറ്റിക്കാൻ ഇന്ത്യക്ക് കഴിയും. അതിർത്തികളിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ നിരീക്ഷിക്കാൻ അയൽരാജ്യങ്ങൾ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ ഈ പ്രതിരോധ നീക്കം അതീവ പ്രാധാന്യത്തോടെയാണ് പ്രതിരോധ വിദഗ്ധർ നോക്കിക്കാണുന്നത്.
പുതിയ ജാമിംഗ് സംവിധാനം നിലവിൽ വരുന്നതോടെ ശത്രു ഉപഗ്രഹങ്ങൾക്ക് തെറ്റായ വിവരങ്ങൾ കൈമാറാൻ സാധിക്കും. ഇതിന്റെ ഫലമായി ഉപഗ്രഹ നിർദ്ദേശങ്ങളെ ആശ്രയിക്കുന്ന ശത്രു മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് പകരം വഴിതെറ്റി നീങ്ങാൻ സാധ്യതയുണ്ട്. കൂടാതെ, ഇന്ത്യൻ യുദ്ധക്കപ്പലുകളുടെ കൃത്യമായ സ്ഥാനം ശത്രുരാജ്യങ്ങളുടെ നിരീക്ഷണ സംവിധാനങ്ങൾക്ക് കണ്ടെത്താൻ കഴിയാത്തവിധം മറയ്ക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും. ഭാവിയിലെ ഇലക്ട്രോണിക് യുദ്ധമുറകളിൽ ഇന്ത്യയുടെ പ്രതിരോധശേഷി വലിയ തോതിൽ വർദ്ധിപ്പിക്കുന്ന സുപ്രധാന ചുവടുവെപ്പായാണ് ഈ പദ്ധതിയെ വിലയിരുത്തുന്നത്.

