ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ-അമേരിക്ക തർക്കങ്ങൾക്കും നീണ്ട കാലത്തെ യുദ്ധഭീതിക്കും വിരാമമിട്ടുകൊണ്ട് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ആശ്വാസമേകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. വരാനിരിക്കുന്ന വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ വെച്ച് ഇറാനും അമേരിക്കയും തമ്മിൽ ചരിത്രപരമായ സമാധാന കരാറിൽ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ നയതന്ത്ര നീക്കം ലോകരാജ്യങ്ങൾക്കിടയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നും, പ്രത്യേകിച്ച് ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ സമ്മാനിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധികൾക്ക് അയവുണ്ടാകുന്നത് ആഗോള വിപണിക്ക് കരുത്താകും. കരാറിന്റെ ഭാഗമായി ഇറാന്റെ എണ്ണ വ്യാപാരത്തിന്മേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന കർശന ഉപരോധങ്ങൾക്ക് താൽക്കാലിക ഇളവുകൾ ലഭിക്കും. ഇത് ഇന്ത്യയ്ക്ക് മറ്റൊരു പ്രധാന എണ്ണ സ്രോതസ്സ് കൂടി തുറന്നുനൽകും. ഒരുകാലത്ത് ഇറാന്റെ ഏറ്റവും വലിയ എണ്ണ പങ്കാളികളിൽ ഒന്നായിരുന്ന ഇന്ത്യയ്ക്ക്, ഈ സാഹചര്യം ആഭ്യന്തര വിപണിയിൽ വലിയ ആശ്വാസം പകരും. കൂടാതെ, ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തെ ഇന്ത്യയുടെ നിക്ഷേപങ്ങൾക്കും പുതിയ ഉണർവ് ലഭിക്കും. യുഎസ് സമ്മർദ്ദത്തെ തുടർന്ന് മരവിപ്പിച്ചിരുന്ന ചബഹാർ തുറമുഖത്തെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതോടെ, പാകിസ്ഥാനെ മറികടന്ന് മധ്യേഷ്യൻ രാജ്യങ്ങളുമായി നേരിട്ട് വ്യാപാരം നടത്താൻ ഇന്ത്യയ്ക്ക് സാധിക്കും.
ഈ കരാർ ഇന്ത്യയുടെ വലിയൊരു തന്ത്രപരമായ വിജയമായാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്. കരാറിന്റെ ഭാഗമായി വർഷങ്ങളായി അമേരിക്കയും വിവിധ അന്താരാഷ്ട്ര ബാങ്കുകളും മരവിപ്പിച്ചിരുന്ന ഇറാന്റെ സ്വന്തം ഫണ്ടായ ഏകദേശം 25 ബില്യൺ യുഎസ് ഡോളർ (ഇന്ത്യൻ മൂല്യം 2,08,000 കോടിയിലധികം രൂപ) തിരികെ ലഭിക്കും. ഈ തുക നേരിട്ടുള്ള പണമിടപാടുകളായും ക്രെഡിറ്റ് ലൈനുകളായും റിലീസ് ചെയ്യാനാണ് തീരുമാനം. മധ്യസ്ഥത വഹിച്ച രാജ്യങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയാകും ഈ വൻ തുക ഇറാനിലെത്തുക. ഉപരോധങ്ങൾ കാരണം സ്വന്തം പണം പോലും ഉപയോഗിക്കാൻ കഴിയാതിരുന്ന ഇറാന് ഈ തീരുമാനം വലിയൊരു സാമ്പത്തിക ഉത്തേജനമാകും. മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നത് ആഗോളതലത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.

