ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നടനും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ വിജയ്‌യുടെ നാമനിർദേശ പത്രികയുമായി ബന്ധപ്പെട്ട് പുതിയ വിവാദം. രണ്ട് വ്യത്യസ്ത മണ്ഡലങ്ങളിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളിലെ വിവരങ്ങൾ തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നാണ് പ്രധാന ആരോപണം. പെരമ്പൂർ മണ്ഡലത്തിൽ നൽകിയ പത്രികയിൽ തനിക്കെതിരെയുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ അദ്ദേഹം മറച്ചുവെച്ചതായി വിമർശനമുയരുന്നു.
മാർച്ച് 30-ന് പെരമ്പൂരിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തനിക്കെതിരെ ക്രിമിനൽ കേസുകളൊന്നും നിലവിലില്ല എന്നാണ് വിജയ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, അദ്ദേഹം മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നൽകിയ പത്രികയിൽ തനിക്കെതിരെ രണ്ട് കേസുകൾ നിലവിലുണ്ടെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. 2025-ൽ പെരവള്ളൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ടാണ് ഈ പ്രധാന വൈരുദ്ധ്യം നിലനിൽക്കുന്നത്. ഒരേ സ്ഥാനാർത്ഥി നൽകിയ രണ്ട് സത്യവാങ്മൂലങ്ങളിൽ കേസുകളെക്കുറിച്ച് രണ്ട് തരത്തിലുള്ള വിവരങ്ങൾ നൽകിയത് വലിയ ചർച്ചയായിരിക്കുകയാണ്.
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് വിജയ് ജനവിധി തേടുന്നത്. പത്രികയിലെ ഈ പിഴവുകൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ, നിലവിലെ അപാകതകൾ പരിഹരിച്ച് പുതിയ സത്യവാങ്മൂലം സമർപ്പിക്കുക എന്നതാണ് ഈ പ്രതിസന്ധി മറികടക്കാൻ അദ്ദേഹത്തിന് മുന്നിലുള്ള ഏക മാർഗമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

