പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും, ഇന്ത്യയിലേക്കുള്ള എൽപിജി ടാങ്കറായ ‘ഗ്രീൻ സാൻവി’ ഹോർമുസ് കടലിടുക്ക് വഴി നാട്ടിലേക്ക് യാത്ര തിരിച്ചു. കപ്പൽ ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ വെസൽഫൈൻഡറിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, ലാരക്-ക്വെഷം (Larak-Qeshm) ചാനൽ വഴിയാണ് ഈ കപ്പൽ ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ടത്.
58,811 മെട്രിക് ടൺ ഭാരശേഷിയുള്ള ഗ്രീൻ സാൻവി, യുദ്ധം ആരംഭിച്ചതിനുശേഷം ഈ വഴി കടന്നുപോകുന്ന ഏഴാമത്തെ ഇന്ത്യൻ എൽപിജി കാരിയറാണ്. ശിവാ ലിക്, നന്ദാ ദേവി, ജഗ് വസന്ത്, ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എൽമ്, പെൻ ഗ്യാസ് എന്നീ മറ്റ് ആറ് വലിയ എൽപിജി ടാങ്കറുകൾ ഇതിനകം ഇന്ത്യൻ തീരത്ത് സുരക്ഷിതമായി എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
എങ്കിലും, മേഖലയിലെ സാഹചര്യം ഇപ്പോഴും സംഘർഷഭരിതമാണ്. ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്ത് കുറഞ്ഞത് 15 ഇന്ത്യൻ എണ്ണ, വാതക കപ്പലുകളെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ട്. ഇന്ത്യയിലേക്കുള്ള മറ്റ് രണ്ട് എൽപിജി കാരിയറുകളായ ഗ്രീൻ ആശ, ജഗ് വിക്രം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഗ്രീൻ സാൻവിക്ക് സമീപമുണ്ടായിരുന്ന മറ്റ് രണ്ട് കപ്പലുകൾ ചോക്ക്‌പോയിൻ്റിന് സമീപം കുടുങ്ങിക്കിടക്കുമ്പോഴാണ് ഗ്രീൻ സാൻവി സ്വന്തം എഐഎസ് (AIS) ഓണാക്കി സുരക്ഷിതമായി അതിർത്തി കടന്നത്.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി, കപ്പലിന്റെ ലക്ഷ്യസ്ഥാന സിഗ്നലിൽ “ഇന്ത്യ ഷിപ്പ് ഇന്ത്യ ക്രൂ” (India Ship India Crew) എന്ന സന്ദേശം പ്രദർശിപ്പിക്കുന്നുണ്ട്. ഐആർജിസി (IRGC) സേനയുടെ ആക്രമണ സാധ്യത കുറയ്ക്കുന്നതിനായി സമീപ ദിവസങ്ങളിൽ ഇന്ത്യൻ ബന്ധമുള്ള കപ്പലുകൾ കൂടുതലായി ഉപയോഗിക്കുന്ന ഒരു പ്രതിരോധ തന്ത്രമാണിത്.
ഏറ്റവും അപകടകരമായ പാത വിജയകരമായി പിന്നിട്ടെങ്കിലും, കപ്പലിന്റെ അവസാന ഡിസ്ചാർജ് പോർട്ട് (ചരക്കിറക്കുന്ന തുറമുഖം) ഏതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

