തിരുവനന്തപുരം: കേരളത്തിൽ ‘ലൗ ജിഹാദ്’ നടക്കുന്നുണ്ടെന്ന മുൻ പോലീസ് ഉദ്യോഗസ്ഥയും വട്ടിയൂർക്കാവ് എൻ.ഡി.എ സ്ഥാനാർത്ഥിയുമായ ആർ. ശ്രീലേഖയുടെ വിവാദ പരാമർശങ്ങളെ സിപിഐ(എം) രാജ്യസഭാ എം.പി എ.എ. റഹീം ശക്തമായി അപലപിച്ചു.
തലസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ശ്രീലേഖയുടെ ആരോപണങ്ങൾ ‘ശുദ്ധ അസംബന്ധം’ ആണെന്ന് റഹീം തള്ളിക്കളഞ്ഞത്. കേരളത്തെ അപമാനിക്കാനും മുസ്ലിം വിഭാഗത്തെ അധിക്ഷേപിക്കാനും സാമുദായിക സ്പർദ്ധ സൃഷ്ടിക്കാനുമായി സംഘപരിവാർ നടത്തുന്ന ബോധപൂർവ്വമായ പ്രചരണമാണിതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സ്ഥാനാർത്ഥിയുടെ ഈ ശ്രമം കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാസ്തമംഗലത്ത് ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു ശ്രീലേഖയുടെ വിവാദ പ്രസംഗം. കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും എന്നാൽ, നിലവിലെ സർക്കാർ ഇതിനുനേരെ കണ്ണടയ്ക്കുകയാണെന്നുമായിരുന്നു അവരുടെ പ്രധാന ആരോപണം.
കൂടാതെ, കേരളത്തിൽ സ്ത്രീ സുരക്ഷ ഇല്ലെന്നും അവർ കുറ്റപ്പെടുത്തി. അതിക്രൂരമായ കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ പോലും സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല. ഒരു പോലീസ് ഓഫീസറായ തനിക്കുപോലും ദുരനുഭവം ഉണ്ടായപ്പോൾ ഒരു സഹായവും ലഭിച്ചില്ലെന്നും, ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായിട്ടും സർക്കാർ നടപടിയെടുത്തില്ലെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.

