സേലം: തമിഴ്നാട്ടിലെ സേലം ജില്ലയിൽ സർക്കാർ പദ്ധതിയെന്ന വ്യാജേന മൂന്ന് വയോധികകളെ കബളിപ്പിച്ച് തല മൊട്ടയടിപ്പിച്ച സംഭവം പുറത്തായി. ആറ്റൂർ തഹസിൽദാർ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാരനാണ് വ്യാജ പ്രചാരണത്തിലൂടെ സ്ത്രീകളെ വലയിലാക്കി ക്രൂരമായ തട്ടിപ്പ് നടത്തിയത്.
ജൂലൈ 26-ന് രാത്രി ആറ്റൂരിന് സമീപം പുതുകോത്തം പടിയിലെ ഒരു സ്ത്രീക്ക് ലഭിച്ച ഫോൺ കോളിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. സർക്കാർ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട വ്യക്തി, കോവിഡ് പോലുള്ള പുതിയൊരു രോഗം മുടിയിലൂടെ പകരുന്നുണ്ടെന്നും പ്രതിരോധ നടപടിയെന്ന നിലയിൽ തല മൊട്ടയടിക്കണമെന്നും സ്ത്രീകളെ വിശ്വസിപ്പിച്ചു. മുടി മുറിക്കുന്ന സ്ത്രീകൾക്ക് 15,000 രൂപയും, കോളേജ് വിദ്യാർത്ഥിനികൾക്ക് 45,000 രൂപയും, പുരുഷന്മാർക്ക് 6,000 രൂപയും സർക്കാർ സഹായമായി നൽകുമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. പരിമിതമായ എണ്ണം ടോക്കണുകൾ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളതെന്നും, പിന്നീട് ആറ്റൂർ താലൂക്ക് ഓഫീസിൽ നിന്ന് പണം കൈപ്പറ്റാമെന്നും ഇയാൾ ഇവരെ ധരിപ്പിച്ചു.
തട്ടിപ്പിന് വിശ്വാസ്യത വരുത്തുന്നതിനായി വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങളും ഇയാൾ അയച്ചു നൽകിയിരുന്നു. ഇത് പൂർണമായും വിശ്വസിച്ച സ്ത്രീകൾ തല മൊട്ടയടിക്കുകയും അയൽവാസികളായ മറ്റ് വയോധികരെയും ഇതിനായി പ്രേരിപ്പിക്കുകയും ചെയ്തു. വാഗ്ദാനം ചെയ്ത പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ സ്ത്രീകൾ ആറ്റൂർ താലൂക്ക് ഓഫീസിലെത്തിയപ്പോഴാണ് ഇത്തരമൊരു സർക്കാർ പദ്ധതി നിലവിലില്ലെന്ന് മനസ്സിലായത്. സംഭവത്തിൽ വയോധികർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ മറ്റാരെയെങ്കിലും ഇവർ കബളിപ്പിച്ചിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

