ന്യൂഡൽഹി: പാക് അധീന കശ്മീരില്‍ (പിഒകെ) പാകിസ്ഥാന്‍ നടത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. പാകിസ്ഥാന്റെ ഇത്തരം നടപടികൾ നിയമവിരുദ്ധ അധിനിവേശം മറച്ചുവയ്‌ക്കാനും, മേഖലയിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള കപടശ്രമം മാത്രമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിവാര മാധ്യമസമ്മേളനത്തില്‍ സംസാരിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍, ജമ്മു-കശ്മീരും ലഡാക്കും ഉള്‍പ്പെടെ പാകിസ്ഥാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യവും വേര്‍പിരിയാനാകാത്തതുമായ ഭാഗമാണെന്ന് ആവര്‍ത്തിച്ചു.
പാക് അധീന കശ്മീരില്‍ തിരഞ്ഞെടുപ്പ് എന്ന പേരില്‍ നടക്കുന്ന നാടകങ്ങള്‍ ഭരണപരമായ വീഴ്ചകളെയും ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നതിനെയും മറച്ചുവെക്കാനുള്ള തന്ത്രമാണെന്ന് ഇന്ത്യ വിലയിരുത്തുന്നു. മേഖലയിലുടനീളം തുടരുന്ന ജനകീയ പ്രതിഷേധങ്ങള്‍ പാകിസ്ഥാന്റെ സാമ്പത്തിക ചൂഷണത്തിന്റെയും തെറ്റായ നയങ്ങളുടെയും ഫലമാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ലോകശ്രദ്ധ തിരിച്ചുവിടാനാണ് പാകിസ്ഥാന്‍ ഇത്തരം നീക്കങ്ങളിലൂടെ ശ്രമിക്കുന്നത്.
അതേസമയം, പിഒകെയിലെ റാവലക്കോട്ടില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പാകിസ്ഥാന്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. സംയുക്ത അവാമി ആക്ഷന്‍ കമ്മിറ്റി നേതാവ് ഇംതിയാസ് അസ്ലം പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ, നിരായുധരായ യുവാക്കള്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തതായും പ്രക്ഷോഭ നേതാവ് ഉസ്മാന്‍ നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതായും ആരോപണമുയര്‍ന്നു. പാക് അധീന കശ്മീരിലെ ജനകീയ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍, വരുംദിവസങ്ങളിലും ഈ വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകാനാണ് സാധ്യത.

