ന്യൂഡല്‍ഹി: പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്. രാജ്യവ്യാപകമായി നടക്കുന്ന വിവിധ പരീക്ഷാ ക്രമക്കേടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കി. രാജസ്ഥാന്, ഹരിയാന, അസം, ബിഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ ഇഡി എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടുകള്‍ (ഇസിഐആര്‍) രജിസ്റ്റര്‍ ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സംസ്ഥാന പോലീസ് വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ അടിസ്ഥാനമാക്കിയാണ് ഇഡി അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍, പണമൊഴുക്ക്, കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനം എന്നിവയാണ് ഏജന്‍സി പ്രധാനമായും പരിശോധിക്കുന്നത്. ഏത് സംസ്ഥാനത്ത് പരീക്ഷാ ക്രമക്കേടുകള്‍ നടന്നാലും അവയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം.
നീറ്റ്-യുജി പേപ്പര്‍ ചോര്‍ച്ച കേസിലും ഇഡി ഉടന്‍ അന്വേഷണം ആരംഭിച്ചേക്കും. മെയ് മാസത്തില്‍ നടന്ന നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ സിബിഐ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുപുറമെ, ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മിഷന് (ജെപിഎസ്സി) പരീക്ഷകളിലെ ക്രമക്കേടുകളിലും റാഞ്ചി സിഐഡി രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ ഇഡി ഇസിഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകളിലൂടെ അനധികൃതമായി സാമ്പത്തിക നേട്ടമുണ്ടാക്കിയവരെ ബാങ്ക് രേഖകള്‍ പരിശോധിച്ചും മറ്റും കണ്ടെത്തുന്നതിനാണ് അന്വേഷണ സംഘം മുന്‍ഗണന നല്‍കുന്നത്.

