ചെന്നൈ: തമിഴ്‌നാട്ടിലെ സഹകരണ ബാങ്കുകളിൽ നിന്ന് കർഷകർ എടുത്ത 75,000 രൂപ വരെയുള്ള വിള വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളാൻ മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചു. കർഷക സംഘടനകളുടെയും വിവിധ രാഷ്‌ട്രീയ പാർട്ടികളുടെയും ശക്തമായ ആവശ്യത്തെത്തുടർന്നാണ് സംസ്ഥാന സർക്കാർ ഈ തീരുമാനമെടുത്തത്. ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് പുതിയ വിള വായ്പ എഴുതിത്തള്ളൽ പദ്ധതി മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നേരത്തെ മെയ് 25-ന് 50,000 രൂപ വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളിക്കൊണ്ട് സർക്കാർ ഉത്തരവിട്ടിരുന്നു. ഈ ആനുകൂല്യമാണ് ഇപ്പോൾ 75,000 രൂപയായി ഉയർത്തിയിരിക്കുന്നത്. വായ്പാ തുക 75,000 രൂപയ്‌ക്ക് മുകളിലുള്ള കർഷകർക്ക് 35,000 രൂപ വീതം ഇളവ് നൽകാനും പുതിയ ഉത്തരവിൽ വ്യവസ്ഥയുണ്ട്. കഴിഞ്ഞ വർഷം മെയ് 1 മുതൽ ഈ വർഷം ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത 14,43,504 കർഷകർക്കാണ് ഈ പദ്ധതിയുടെ നേരിട്ടുള്ള പ്രയോജനം ലഭിക്കുക.
ഈ വൻകിട വായ്പ എഴുതിത്തള്ളലിലൂടെ സംസ്ഥാന സർക്കാരിന് 5,932.23 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാകുക. ഇതിൽ 75,000 രൂപ വരെയുള്ള വായ്പകൾ വഴി 6.22 ലക്ഷത്തിലധികം കർഷകർക്കും, അതിനു മുകളിൽ വായ്പയുള്ള 8.21 ലക്ഷം കർഷകർക്ക് 35,000 രൂപയുടെ ഇളവും ലഭിക്കും. തമിഴക വെട്രി കഴകം (TVK) തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന കർഷകരുടെ പ്രതിഷേധവും ആവശ്യം പരിഗണിച്ചുമാണ് മുൻ പ്രഖ്യാപനത്തിൽ മാറ്റം വരുത്തി സർക്കാർ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചത്.

