ഓഹരി വിപണി: ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് പ്രാരംഭ വ്യാപാരത്തിലും മികച്ച നേട്ടത്തോടെ മുന്നേറുന്നു. ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങളും, യു.എസ്-ഇറാന് സമാധാന ചര്‍ച്ചകള്‍ യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു എന്ന റിപ്പോർട്ടുകളും ആഭ്യന്തര സൂചികകൾക്ക് കരുത്തുപകർന്നു. തുടർച്ചയായ മൂന്നാം സെഷനിലും കുതിപ്പ് തുടരുന്ന വിപണി, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏകദേശം 3 ശതമാനത്തോളം മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി 23,900 നിലവാരത്തിന് മുകളിൽ വ്യാപാരം തുടരുമ്പോൾ, സെൻസെക്സ് 250-ലധികം പോയിന്റ് നേട്ടത്തോടെ 76,550 നിലവാരത്തിലേക്ക് ഉയർന്നു.
ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ അയഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 83 ഡോളറായി സ്ഥിരത കൈവരിച്ചു. ഇത് ഇന്ത്യൻ കോർപ്പറേറ്റ് മേഖലയ്ക്ക് വലിയ നേട്ടമാകും. ക്രൂഡ് ഓയിൽ വില 75-80 ഡോളർ പരിധിയിലേക്ക് താഴ്ന്നാൽ അത് ഉത്പാദനച്ചെലവ് കുറയ്ക്കാനും പണപ്പെരുപ്പ സമ്മർദ്ദം ലഘൂകരിക്കാനും സഹായിക്കും. ഐ.ടി ഓഹരികളിലെ വൻ കുതിപ്പാണ് ഇന്നത്തെ വ്യാപാരത്തിന് ചുക്കാൻ പിടിക്കുന്നത്. എച്ച്.സി.എൽ ടെക്നോളജീസ് തന്ത്രപ്രധാനമായ നിക്ഷേപം പ്രഖ്യാപിച്ചതോടെ നേട്ടക്കാരുടെ പട്ടികയിൽ മുന്നിലെത്തി. കൂടാതെ, ലാർസൻ ആൻഡ് ടൂബ്രോ ഓഹരികൾ ജെപി മോർഗന്റെ പോസിറ്റീവ് റേറ്റിംഗിന്റെ പിൻബലത്തിൽ നേട്ടം തുടരുകയാണ്.
ദീർഘകാലത്തെ വിൽപനയ്ക്ക് ശേഷം വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്.ഐ.ഐ) വീണ്ടും ആഭ്യന്തര വിപണിയിൽ നിക്ഷേപകരായി തിരിച്ചെത്തിയത് വിപണിക്ക് കൂടുതൽ കരുത്തേകുന്നു. അദാനി എന്റർപ്രൈസസിന്റെ പുതിയ എ.ഐ ഇൻഫ്രാസ്ട്രക്ചർ പ്രഖ്യാപനവും, ദേവയാനി ഇന്റർനാഷണൽ-സഫയർ ഫുഡ്സ് ലയന നടപടികളും ഓഹരി വിപണിയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. നിഫ്റ്റി നിലവിൽ 23,900-24,000 എന്ന നിർണ്ണായക പ്രതിരോധ മേഖലയിൽ കൺസോളിഡേഷൻ നടത്തുന്നതും, ഇത് വരും ദിവസങ്ങളിൽ കൂടുതൽ മുന്നേറ്റത്തിനുള്ള സാധ്യതയുണ്ടെന്നും വിപണി വിദഗ്ധർ വിലയിരുത്തുന്നു.

