ന്യൂഡൽഹി: ആർ.എസ്.എസ് ഹിറ്റ് ലിസ്റ്റിൽ താൻ മൂന്നാമതാണെന്ന രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസിന്റെ പരാമർശത്തെ പരിഹസിച്ച് ബിജെപി യുവനേതാവ് യുവരാജ് ഗോകുൽ രംഗത്ത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ബ്രിട്ടാസിന്റെ ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞത്. ഈ പ്രസ്താവന പലചരക്ക് കടയിലെ പറ്റ് ബുക്ക് കണ്ട് തെറ്റിദ്ധരിച്ചതാകാനേ വഴിയുള്ളൂ എന്ന് അദ്ദേഹം വിമർശിച്ചു.
സിപിഎമ്മിന്റെ രാഷ്ട്രീയ ശൈലിയെ രൂക്ഷമായി വിമർശിച്ച യുവരാജ് ഗോകുൽ, കൊടി സുനി, കിർമ്മാണി മനോജ് തുടങ്ങിയവരെ മുൻനിർത്തി മൂന്നാംകിട തെരുവുഗുണ്ട രാഷ്ട്രീയത്തിലാണ് സിപിഎം ഏർപ്പെടുന്നതെന്ന് ആരോപിച്ചു. തങ്ങളെ സംബന്ധിച്ച് ഹിറ്റ് ലിസ്റ്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ഭീഷണിയായ തീവ്രവാദ ശക്തികളോടുള്ള പോരാട്ടത്തെയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ആർ.എസ്.എസിന്റെ ഹിറ്റ് ലിസ്റ്റിൽ തന്റെ പേരുണ്ടെന്ന ബ്രിട്ടാസിന്റെ വാദം അർത്ഥശൂന്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
2006 ജൂണിൽ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തിന് നേരെ നടന്ന ലഷ്കർ-ഇ-തൊയ്ബ ഭീകരാക്രമണത്തെയും തുടർന്നുണ്ടായ സംഭവവികാസങ്ങളെയും കുറിച്ച് കുറിപ്പിൽ ഓർമ്മിപ്പിക്കുന്നുണ്ട്. ഐ.എസ്.ഐ, ഐ.എസ്.ഐ.എസ് തുടങ്ങിയ തീവ്രവാദ സംഘടനകളിൽ നിന്ന് നിരന്തരമായ ഭീഷണി നേരിടുന്ന പ്രസ്ഥാനമാണ് ആർ.എസ്.എസ് എന്ന് വ്യക്തമാക്കിയ യുവരാജ് ഗോകുൽ, ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളോടെയുള്ളതാണെന്ന് പരോക്ഷമായി സൂചിപ്പിച്ചു.

