കൊച്ചി: തിരുവനന്തപുരത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. രാഹുൽ, വൈശാഖ്, അമൽ, ലെനിൻ രാജ് എന്നിവർക്കാണ് കർശന ഉപാധികളോടെ കോടതി ജാമ്യം നൽകിയത്. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
പ്രതികൾക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ ഗൗരവമേറിയതാണെന്ന് കോടതി നിരീക്ഷിച്ചെങ്കിലും, വധശ്രമക്കുറ്റം നിലനിൽക്കുന്നതിന് ആവശ്യമായ തെളിവുകൾ പ്രഥമദൃഷ്ട്യാ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന ഇഡിയുടെ ശക്തമായ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
ഇതേ കേസിൽ 67 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഒമ്പത് പ്രതികൾക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ടി.എസ്. കിരൺ, ജീവൻ, അനിൽകുമാർ, ശ്രീജിത്ത്, നിഷാദ്, സിദ്ധാർഥ്, റഫീഖ്, നന്ദു ജി, രാഹുൽ രാജ് എന്നിവർക്കാണ് അന്ന് ജാമ്യം ലഭിച്ചത്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഇനി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്.

