ജമ്മു-കശ്മീർ: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചാൽ താഴ്‌വര അക്രമത്തിൽ മുങ്ങുമെന്നും വ്യാപകമായ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്നും ഒരുകാലത്ത് ശക്തമായി വാദിക്കപ്പെട്ടിരുന്നു. എന്നാൽ, 2019 ആഗസ്റ്റ് 5-ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള സംഭവവികാസങ്ങൾ അത്തരം പ്രവചനങ്ങളെ പൂർണ്ണമായും ചോദ്യം ചെയ്യുന്നതാണ്. ജമ്മു-കശ്മീരിനെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് ചേർത്തുനിർത്താനും ഒരേ ഭരണഘടനയും നിയമവ്യവസ്ഥയും നടപ്പാക്കാനുമുള്ള ചരിത്രപരമായ തീരുമാനമായിരുന്നു ഇത്. സുരക്ഷ, വികസനം, അടിസ്ഥാനസൗകര്യങ്ങൾ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ താഴ്‌വരയിൽ ഉണ്ടായ മാറ്റങ്ങൾ ഈ തീരുമാനത്തിന്റെ നേട്ടങ്ങളായി മാറിയിരിക്കുന്നു.
ഒരു രാജ്യത്തിനുള്ളിൽ സ്വന്തം നിയമവും പതാകയുമുള്ള അവസ്ഥയും, വികസനം നിഷേധിക്കപ്പെട്ട ജനതയും കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളും പതിവായിരുന്ന കശ്മീരിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ജനസംഘത്തിന്റെ കാലം മുതൽ ബിജെപി ഉയർത്തിപ്പിടിച്ച നിലപാടായിരുന്നു ആർട്ടിക്കിൾ 370-ന്റെ റദ്ദാക്കൽ. 2019-ൽ കേന്ദ്ര സർക്കാർ നിർണ്ണായകമായ ഈ നീക്കം നടപ്പിലാക്കുകയും ജമ്മു-കശ്മീരിനെ നിയമസഭയുള്ള കേന്ദ്രഭരണപ്രദേശമായും ലഡാക്കിനെ നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശമായും വിഭജിക്കുകയും ചെയ്തു. പാർലമെന്റിന്റെ ഈ തീരുമാനത്തെ 2023 ഡിസംബർ 11-ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഏകകണ്ഠമായി ശരിവെച്ചതോടെ വിഘടനവാദികളുടെ വാദങ്ങൾ അവസാനിക്കുകയായിരുന്നു.
ഭീകരവാദവും അസ്ഥിരതയും നിഴലിച്ചിരുന്ന താഴ്‌വരയിൽ സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ അദ്ധ്യായം തുറക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ കശ്മീരിൽ നടത്തിയ സന്ദർശനങ്ങളും ജനങ്ങളുമായുള്ള ആശയവിനിമയവും താഴ്വരയിലെ ജനങ്ങളിൽ വലിയ ആത്മവിശ്വാസം പകർന്നു. കശ്മീരിലെ യുവാക്കളെ വഴിതെറ്റിച്ചിരുന്ന കല്ലേറും അക്രമങ്ങളും ഇന്ന് പൂർണ്ണമായും അവസാനിച്ചു. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മന്ത്രത്തിനൊപ്പം വൈബ്രന്റ് വില്ലേജ് പ്രോഗ്രാം ഉൾപ്പെടെയുള്ള വികസന പദ്ധതികൾ നടപ്പിലാക്കിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തിൽ വലിയ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. ചെനാബ് പാലം അടക്കമുള്ള വികസന പ്രവർത്തനങ്ങൾ കശ്മീരിന്റെ മുഖഛായ തന്നെ മാറ്റിക്കഴിഞ്ഞു.

