ന്യൂഡൽഹി: അസാധാരണമായ സാഹചര്യങ്ങളിൽ നിയമപാലകർക്ക് പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ജൂലൈ 20-ന് നടന്ന നീറ്റ് പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ ഉപയോഗിച്ചതിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ സുപ്രധാന പരാമർശം.
പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റ പ്രതിഷേധക്കാർക്ക് ആവശ്യമായ വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് ഡൽഹി സർക്കാരിനോട് കോടതി നിർദേശിച്ചു. ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് റാപ്പിഡ് ആക്ഷൻ ഫോഴ്സ് (RAF) ഉപയോഗിച്ച ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വിശദമായ രേഖകൾ (ലോഗ്) സൂക്ഷിക്കാൻ കേന്ദ്ര സർക്കാരിനും കോടതി നിർദേശം നൽകി.
ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചിട്ടും അക്രമം നിയന്ത്രിക്കാനാകാത്ത അതീവ ഗുരുതര സാഹചര്യങ്ങളിൽ നിയമപരമായി വെടിയുതിർക്കാൻ പോലീസിന് അനുവാദമുള്ളപ്പോൾ, അക്രമാസക്തമാകുന്ന പ്രതിഷേധങ്ങൾ നിയന്ത്രിക്കാൻ പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നത് എങ്ങനെ തടയാനാകുമെന്ന നിയമപരമായ ചോദ്യവും ബെഞ്ച് ഉയർത്തി. ജൂലൈ 20-ലെ പോലീസ് നടപടിയിൽ എല്ലാ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകളും (SOP) കൃത്യമായി പാലിച്ചിരുന്നുവെന്ന് സിആർപിഎഫ് നടത്തിയ സംഭവാനന്തര വിലയിരുത്തലിൽ വ്യക്തമാക്കിയതായി കോടതിയെ അറിയിച്ചു.

