കോഴിക്കോട്:സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇന്ന് രണ്ട് ഘട്ടങ്ങളിലായി പവന് 2,920 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,09,240 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി. ഇന്നലെ വൈകുന്നേരം 1,12,160 രൂപയായിരുന്ന പവൻ വിലയാണ് ഇന്ന് പകലോടെ വലിയ തോതിൽ ഇടിഞ്ഞത്.
പശ്ചിമേഷ്യയിലെ യുദ്ധം തുടരുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെത്തുടർന്ന് ആഗോള വിപണിയിൽ ഉണ്ടായ മാറ്റങ്ങളാണ് വില കുറയാൻ പ്രധാന കാരണമായത്. യുദ്ധത്തിന് അയവുണ്ടാകുമെന്ന പ്രതീക്ഷയിൽ ഇന്നലെ വില വർധിച്ചിരുന്നെങ്കിലും, ട്രംപിന്റെ പ്രസ്താവന ആ പ്രതീക്ഷകൾ തെറ്റിച്ചു. ഡോളർ ശക്തിപ്പെട്ടതും അസംസ്‌കൃത എണ്ണവില ഉയർന്നതും സ്വർണ്ണവിലയെ താഴേക്ക് നയിക്കാൻ കാരണമായി.
ആഗോള വിപണിയിൽ സ്വർണ്ണം ട്രോയ് ഔൺസിന് 165 ഡോളർ ഇടിഞ്ഞ് 4,620 ഡോളറിലെത്തി. വെള്ളി വിലയിലും ആറ് ശതമാനത്തിലേറെ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ 1,26,920 രൂപ വരെ ഉയർന്ന പവൻ വിലയിൽ വലിയ തോതിലുള്ള ചാഞ്ചാട്ടങ്ങളാണ് ഇപ്പോൾ പ്രകടമാകുന്നത്. അസംസ്‌കൃത എണ്ണവില കുതിച്ചതാണ് സ്വർണ്ണത്തിന് ഇത്രയധികം ഇടിവ് നേരിടാൻ ഇടയാക്കിയത്.

