ലണ്ടൻ: ലണ്ടനിലെ വിവിധ ആഡംബര ഹോട്ടലുകളിൽ നിന്ന് വിലകൂടിയ ഭക്ഷണവും പ്രീമിയം പാനീയങ്ങളും കഴിച്ച ശേഷം പണം നൽകാതെ കടന്നുകളഞ്ഞ കേസിൽ ഫുട്ബോൾ താരം കോടതിയിൽ. ഗ്രീൻഗേറ്റ് ഡിസ്ട്രിക്റ്റ് എഫ്സി താരമായ മൈക്കൽ ഡോം-ബെംവിൻ (29) ആണ് വഞ്ചനാക്കുറ്റത്തിന് പിടിയിലായത്. കഴിഞ്ഞ ജനുവരി 29 മുതൽ ഏപ്രിൽ 23 വരെയുള്ള കാലയളവിൽ വെസ്റ്റ്മിൻസ്റ്റർ, കെൻസിംഗ്ടൺ, ചെൽസി തുടങ്ങിയ പ്രദേശങ്ങളിലെ ആഡംബര റെസ്റ്റോറന്റുകളിൽ നിന്ന് ബില്ല് അടയ്ക്കാതെ മുങ്ങിയ സംഭവത്തിൽ ആറ് കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആറ് വ്യത്യസ്ത ഹോട്ടലുകളിൽ നിന്നായി മൊത്തം 3,522.80 പൗണ്ടിന്റെ (ഏകദേശം 4,49,579 ഇന്ത്യൻ രൂപ) തട്ടിപ്പ് നടത്തിയതായാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. ഇതിൽ 2,047 പൗണ്ട് വിലവരുന്ന യമസാക്കി മാൾട്ട് വിസ്കി, 356.60 പൗണ്ടിന്റെ വിസ്കിയും കുപ്പിവെള്ളവും, 408.65 പൗണ്ടിന്റെ ആഡംബര ഭക്ഷണ പദാർത്ഥങ്ങൾ, 70 പൗണ്ടിന്റെ ലാഗർ ബിയർ എന്നിവ ഉൾപ്പെടുന്നു. കൂടാതെ കെൻസിംഗ്ടണിലെയും ചെൽസിയിലെയും മറ്റ് രണ്ട് ഹോട്ടലുകളിൽ നിന്നും യഥാക്രമം 362.25 പൗണ്ടിന്റെയും 278.30 പൗണ്ടിന്റെയും ഭക്ഷണവും പാനീയങ്ങളും കഴിച്ച ശേഷം ഇയാൾ പണം നൽകാതെ മുങ്ങിയതായാണ് കുറ്റപത്രം.
കോടതിയിൽ ഹാജരായ താരം തനിക്കെതിരെയുള്ള ആറ് കുറ്റങ്ങളും നിഷേധിച്ചു. താൻ ബന്ധപ്പെട്ട ഹോട്ടലുകളിൽ പോയിട്ടുണ്ടെന്ന കാര്യം സമ്മതിക്കുന്നുണ്ടെങ്കിലും, അവിടെ എന്താണ് സംഭവിച്ചതെന്ന് ഓർമ്മയില്ലെന്നാണ് താരത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. നിലവിൽ ജാമ്യത്തിൽ കഴിയുന്ന മൈക്കൽ ഡോം-ബെംവിൻ മുൻപ് ബ്രെയിൻട്രീ ടൗൺ, ലൂയിസ്, വൈറ്റ്‌ഹോക്ക്, വേമൗത്ത് തുടങ്ങിയ പ്രമുഖ നോൺ-ലീഗ് ക്ലബ്ബുകളിൽ സ്ട്രൈക്കറായി കളിച്ചിട്ടുള്ള താരമാണ്. ഇംഗ്ലീഷ് ഫുട്ബോളിന്റെ 11-ാം നിരയിലുള്ള എസെക്സ് അലയൻസ് ഫുട്ബോൾ ലീഗ് സീനിയർ ഡിവിഷനിലാണ് ഇപ്പോൾ ഇയാൾ മത്സരിക്കുന്നത്. കേസിൽ 2026 ഡിസംബർ 7-നാണ് വിചാരണ നടക്കുക.

