ബെംഗളൂരു: ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. പയ്യന്നൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെ 6.45-ഓടെ കെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ബെംഗളൂരു നഗരത്തിന് സമീപമെത്തിയ സമയത്താണ് ബസില്‍ രണ്ട് യാത്രക്കാരും ഡ്രൈവറും കണ്ടക്ടറും ഉണ്ടായിരുന്നത്. ബസിന്റെ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഡ്രൈവര്‍ വാഹനം റോഡരികിലേക്ക് മാറ്റി നിര്‍ത്തി എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കിയതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപിടിത്തത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ കെങ്കേരി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ സ്ഥലത്തെത്തി തീ അണച്ച് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ കെഎസ്ആര്‍ടിസി അധികൃതര്‍ പരിശോധന നടത്തി വരികയാണ്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

