ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബിജെപി എംപി രാഘവ് ഛദ്ദ നടത്തിയ അപ്രതീക്ഷിത കൂടിക്കാഴ്ച പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ശനിയാഴ്ച രാവിലെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ ‘ഓർത്തുവെക്കാവുന്ന പ്രഭാതം’ എന്നാണ് ഛദ്ദ വിശേഷിപ്പിച്ചത്. കൂടിക്കാഴ്ചയിലെ ചർച്ചാ വിഷയങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഏറെ പ്രയോജനപ്രദമായ കൂടിക്കാഴ്ചയായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ നിർദേശങ്ങളും കാഴ്ചപ്പാടുകളും അറിയാൻ കഴിഞ്ഞതിൽ നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
പഞ്ചാബിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ വിഷയമായതായി റിപ്പോർട്ടുകളുണ്ട്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് ബിജെപി സംഘടനാപരമായ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ ആം ആദ്മി പാർട്ടിയിൽനിന്ന് വിട്ടുനിന്ന രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നത് പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടിരുന്നു. കൂറുമാറിയവരിൽ ഭൂരിഭാഗം പേരും പഞ്ചാബിൽ നിന്നുള്ളവരാണ് എന്നത് ശ്രദ്ധേയമാണ്.
ആം ആദ്മി പാർട്ടിയുടെ തുടക്കം മുതൽ സജീവമായിരുന്ന ഛദ്ദ, 2022-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. ബിജെപിയിലെത്തിയതോടെ പഞ്ചാബിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് കൂടുതൽ സജീവമായ ചുമതലകൾ ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ജലന്ധറുമായുള്ള കുടുംബബന്ധവും നഗരമേഖലകളിലെ സ്വാധീനവും വരും തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണകരമാകുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ.

