ലഖ്നൗ: രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങളെയും മഹത് വ്യക്തിത്വങ്ങളെയും ദേശീയ ഗാനത്തെയും ദേശീയഗീതത്തെയും അപമാനിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ കഴിയാന്‍ അര്‍ഹതയില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ലഖ്നൗവില്‍ സംഘടിപ്പിച്ച തിരംഗ യാത്ര ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. കാക്കോരി ട്രെയിന്‍ ആക്ഷന്റെ 101-ാം വാര്‍ഷികത്തോടനുബന്ധിച്ച് കാലിദാസ് മാര്‍ഗിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് നിയമസഭാ മന്ദിരത്തിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചത്.
രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങള്‍ക്കും ദേശീയ ഗാനത്തിനും ദേശീയഗീതത്തിനും അര്‍ഹമായ ആദരവ് ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇത്തരം ചിഹ്നങ്ങളെ അപമാനിക്കുന്ന പ്രവൃത്തികള്‍ക്ക് നേരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പങ്കജ് ചൗധരി, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രിജേഷ് പാഠക് എന്നിവരും തിരംഗ യാത്രയില്‍ പങ്കെടുത്തു. രാം പ്രസാദ് ബിസ്മില്‍, ഠാക്കൂര്‍ റോഷന് സിങ്, അഷ്ഫാഖുള്ള ഖാന് തുടങ്ങിയ വിപ്ലവകാരികളുടെ സ്മരണ പുതുക്കിയും, രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ചുമാണ് യാത്ര മുന്നേറിയത്.
മുപ്പതിനായിരത്തിലധികം യുവാക്കള്‍ പങ്കെടുത്ത തിരംഗ യാത്ര, പ്രധാനമന്ത്രിയുടെ ‘രാജ്യം ആദ്യം’ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 2026-ല്‍ ‘വന്ദേ മാതരം’ അതിന്റെ 150-ാം വാര്‍ഷികത്തിലേക്ക് കടക്കുകയാണ്. വരാനിരിക്കുന്ന സ്വാതന്ത്ര്യദിനത്തില്‍ ‘ഹര് ഘര്‍ തിരംഗ’ ക്യാമ്പയിന്റെ ഭാഗമായി എല്ലാവരും വീടുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ അഭിമാനത്തിന്റെയും വികസനത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകമായ ദേശീയപതാക ഉയര്‍ത്താന്‍ ഇന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. രാജേന്ദ്ര പ്രസാദ്, ബി.ആര്. അംബേദ്കര്‍, സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ എന്നിവരെയും അദ്ദേഹം അനുസ്മരിച്ചു.

