ലോകം: ഫുട്‌ബോൾ ആരാധകർക്ക് ലോകകപ്പ് ആവേശത്തിന്റെ ഉത്സവമാണെങ്കിൽ, കാഴ്ചയില്ലാത്ത ഒമ്പതുകാരനായ അലിറേസയ്ക്ക് അത് അച്ഛന്റെ കൈകളിലൂടെയും ശബ്ദത്തിലൂടെയും അനുഭവിച്ച വികാരനിർഭരമായ നിമിഷങ്ങളായിരുന്നു. ഫിഫ ലോകകപ്പ് മത്സരങ്ങൾ മകന് വ്യത്യസ്തമായ രീതിയിൽ അനുഭവിപ്പിച്ച ഒരു ഇറാനിയൻ പിതാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സ്വന്തം കൈകൊണ്ട് തയ്യാറാക്കിയ, അടയാളങ്ങളുള്ള ഒരു കാർഡ്‌ബോർഡ് ഫുട്‌ബോൾ മൈതാനത്തിൽ മകന്റെ വിരലുകൾ ചലിപ്പിച്ചുകൊണ്ട് ഓരോ പാസും മുന്നേറ്റവും ഗോളും തത്സമയം വിവരിച്ചാണ് അദ്ദേഹം മത്സരം കുട്ടിക്ക് ‘കാണിച്ചുകൊടുത്തത്’.
വൈറലായ വീഡിയോയിൽ, പോർച്ചുഗൽ ഉസ്ബെക്കിസ്ഥാനെതിരെ വിജയിച്ച മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോൾ അച്ഛൻ മകന് വിശദീകരിച്ചുകൊടുക്കുന്നത് കാണാം. കാർഡ്‌ബോർഡ് ടാക്റ്റിക്കൽ ബോർഡിലൂടെ പന്തിന്റെ നീക്കങ്ങൾ വിരലുകളിൽ അനുഭവവേദ്യമാക്കിയ ശേഷം ഗോൾ പിറന്നതായി അച്ഛൻ അറിയിക്കുമ്പോൾ അലിറേസയുടെ മുഖത്തുണ്ടാകുന്ന സന്തോഷം കാഴ്ചക്കാരെയും വികാരഭരിതരാക്കുന്നു. ഇറാന്റെ മത്സരങ്ങൾക്കിടയിലും ഇതേ രീതിയിൽ മകൻ കളി ആസ്വദിക്കാൻ അദ്ദേഹം അവസരമൊരുക്കിയിരുന്നു. കായികലോകം ശ്രദ്ധിച്ച ഈ വീഡിയോ ഇതിനകം പതിനാല് ലക്ഷത്തിലധികം ലൈക്കുകൾ നേടി സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.
കാഴ്ചപരിമിതിയുള്ള കുട്ടികളുടെ ആത്മവിശ്വാസവും മാനസിക വളർച്ചയും വർധിപ്പിക്കാൻ അവർക്കനുയോജ്യമായ രീതിയിൽ അനുഭവങ്ങളെ മാറ്റിയെടുക്കുകയാണ് വേണ്ടതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പുസ്തകങ്ങൾ വായിച്ചുകൊടുക്കുന്നതിനൊപ്പം, സ്പർശത്തിലൂടെ പഠിക്കാവുന്ന കളികൾ ഒരുക്കുന്നതും ചുറ്റുപാടുകൾ വിശദീകരിക്കുന്നതും അവർക്ക് വലിയ പിന്തുണയാകും. വിലകൂടിയ കളിപ്പാട്ടങ്ങളോ ആധുനിക സാങ്കേതികവിദ്യകളോ അല്ല, മകന്റെ കൂടെ ചെലവഴിച്ച സമയവും കരുതലുമാണ് ഈ അച്ഛന്റെ സ്നേഹത്തെ വ്യത്യസ്തമാക്കുന്നത്. ഫുട്‌ബോൾ ആസ്വദിക്കാൻ കഴിയില്ലെന്ന് പറയുന്നതിനു പകരം, ആ പരിമിതിയെ മറികടന്ന് മകന്റെ ജീവിതത്തിലെ മനോഹരമായ ഓർമ്മയായി ഓരോ മത്സരത്തെയും മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു.

