ന്യൂഡല്‍ഹി: 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിലെ വനിതാ ടി20 ക്രിക്കറ്റ് മത്സരത്തിന് യോഗ്യത നേടുന്ന ആദ്യ ടീമുകളിലൊന്നായി ഇന്ത്യ ഇടംപിടിച്ചു. നിലവില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ നേരിട്ടുള്ള യോഗ്യത ഉറപ്പിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തിങ്കളാഴ്ചയാണ് വനിതാ ടി20 മത്സരത്തിനുള്ള ആദ്യ നാല് നേരിട്ടുള്ള യോഗ്യതാ ടീമുകളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഏഷ്യയില്‍ നിന്ന് ഇന്ത്യയെ കൂടാതെ ഓഷ്യാനിയയില്‍ നിന്ന് ഓസ്ട്രേലിയ, യൂറോപ്പില്‍ നിന്ന് ഇംഗ്ലണ്ട്, ആഫ്രിക്കയില്‍ നിന്ന് ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും ലോസ് ആഞ്ചലസിലേക്ക് യോഗ്യത നേടി. അതത് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള മികച്ച പ്രകടനം കാഴ്ചവെച്ച ടീമുകള്‍ക്കാണ് ഈ അവസരം ലഭിച്ചത്. ആതിഥേയരായ അമേരിക്ക നിശ്ചിത റാങ്കിങ് മാനദണ്ഡം പാലിക്കുകയാണെങ്കില്‍ അവര്‍ക്കും യോഗ്യത ലഭിക്കും. അതിന് സാധിച്ചില്ലെങ്കില്‍ ഐസിസി റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ അധിക ബെര്‍ത്ത് അനുവദിക്കും. അവസാന സ്ഥാനത്തിനായി 2027-ല്‍ പ്രത്യേക ഒളിമ്പിക്സ് ക്വാളിഫയര്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും.
പുരുഷ വിഭാഗത്തില്‍ വ്യത്യസ്തമായ യോഗ്യതാ മാനദണ്ഡമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2026 ഡിസംബര്‍ 31-ലെ ഐസിസി പുരുഷ ടി20 റാങ്കിങ് പ്രകാരം ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഓഷ്യാനിയ എന്നീ ഭൂഖണ്ഡങ്ങളില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ടീമുകള്‍ക്ക് നേരിട്ട് പ്രവേശനം ലഭിക്കും. അതിനാൽ നേരിട്ടുള്ള ഒളിമ്പിക്സ് പ്രവേശനത്തിനായി 2026 അവസാനത്തോടെ ഏഷ്യയിലെ ഏറ്റവും മികച്ച ടീമായി മാറാൻ ഇന്ത്യക്ക് സാധിക്കേണ്ടതുണ്ട്. ഏകദേശം 128 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക് തിരിച്ചെത്തുമ്പോള്‍, പുരുഷ-വനിതാ വിഭാഗങ്ങളിലായി ആറ് ടീമുകള്‍ വീതമാണ് ടി20 ഫോര്‍മാറ്റില്‍ മാറ്റുരയ്ക്കുക.

