മുംബൈ: ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകള്‍, ക്രൂഡ് ഓയില്‍ വിലയിലെ കുറവ്, വിദേശ നിക്ഷേപകരുടെ പണമൊഴുക്ക്, റിസര്‍വ് ബാങ്കിന്റെ പണനയ പ്രഖ്യാപനം എന്നിവയുടെ പിന്തുണയോടെ ആഭ്യന്തര ഓഹരി വിപണി മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബി.എസ്.ഇ സെന്‍സെക്സ് 397.61 പോയിന്റ് (0.51%) ഉയര്‍ന്ന് 78,826.56 എന്ന നിലവാരത്തിലെത്തി. എന്‍.എസ്.ഇ നിഫ്റ്റി 12.05 പോയിന്റ് (0.05%) നേട്ടത്തോടെ 24,626.95 എന്ന നിലവാരത്തിലാണ് വ്യാപാരം തുടരുന്നത്. വിപണിയുടെ തുടക്കത്തില്‍ 2,225 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോൾ 910 ഓഹരികള്‍ മാത്രമാണ് നഷ്ടത്തിലേക്ക് നീങ്ങിയത്.
റിസര്‍വ് ബാങ്ക് പണനയ സമിതി പ്രതീക്ഷിച്ചതുപോലെ റിപ്പോ നിരക്ക് 5.25% ആയി നിലനിര്‍ത്താനും, ‘ന്യൂട്രല്‍’ എന്ന നയപരമായ നിലപാട് തുടരാനും തീരുമാനിച്ചത് നിക്ഷേപകര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ 2,446.47 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയത് വിപണിക്ക് കരുത്തായി. കൂടാതെ, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവ് ഇന്ത്യയുടെ പണപ്പെരുപ്പ ആശങ്കകള്‍ക്കും ആശ്വാസം പകർന്നു. ഏഷ്യന്‍ വിപണികളിലെ സമാനമായ മുന്നേറ്റവും ആഭ്യന്തര വിപണിയിലെ പോസിറ്റീവ് ട്രെന്‍ഡിന് ആക്കം കൂട്ടിയിട്ടുണ്ട്.
സാങ്കേതികമായി നിഫ്റ്റി 50 സൂചിക നിലവില്‍ 24,500 – 24,620 എന്ന പരിധിക്കുള്ളില്‍ കണ്‍സോളിഡേറ്റ് ചെയ്യുകയാണ്. 24,373 എന്ന നിര്‍ണ്ണായക സപ്പോര്‍ട്ട് ലെവലിന് മുകളില്‍ തുടരുന്നിടത്തോളം വിപണിയുടെ ഇടത്തരം ട്രെന്‍ഡ് പോസിറ്റീവായി തന്നെ തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സൂചിക 24,620-ന് മുകളിലേക്ക് ഉയര്‍ന്നാല്‍ 24,750 എന്ന നിലവാരത്തിലേക്ക് എത്താന്‍ സാധ്യതയുണ്ട്. റിയല്‍റ്റി, പി.എസ്.യു ബാങ്ക്, ഓട്ടോ മേഖലകളില്‍ മികച്ച വാങ്ങല്‍ താല്‍പ്പര്യം പ്രകടമാകുമ്പോള്‍, ഹെല്‍ത്ത്കെയര്‍, ഫാര്‍മ, ഐ.ടി മേഖലകളില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്. ഭാരതി എയര്‍ടെല്‍, ഇന്‍ഡിഗോ, ഒ.എന്‍.ജി.സി, കല്യാണ്‍ ജ്വല്ലേഴ്സ് തുടങ്ങിയ ഓഹരികള്‍ നിലവില്‍ നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമാണ്.

