ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 195.50 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ പുതിയ നിരക്ക് പ്രകാരം ഒരു സിലിണ്ടറിന് 2,078 രൂപയായി വില ഉയർന്നു. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമായി തുടരുന്നതിനിടയിലാണ് ഈ പുതിയ വില വർധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ ഇതേ സിലിണ്ടറിന് 114.5 രൂപ വർധിപ്പിച്ചിരുന്നു. ചുരുങ്ങിയ ദിവസങ്ങളുടെ ഇടവേളയിലാണ് വാണിജ്യ സിലിണ്ടറുകൾക്ക് വീണ്ടും വില കൂട്ടുന്നത് എന്നത് വിപണിയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയരുമ്പോഴും ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക നിരക്കിൽ മാറ്റമില്ലെന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണ്. നിലവിൽ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർധനവ് രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ വാണിജ്യ സിലിണ്ടറുകളുടെ വിലക്കയറ്റം ഹോട്ടൽ ഉൾപ്പെടെയുള്ള അനുബന്ധ മേഖലകളെ ബാധിക്കാൻ സാധ്യതയുണ്ട്.

