മുംബൈ: റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറില്‍ നിന്നും 6,526 കോടി രൂപ സ്വന്തം നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേക്ക് വഴിതിരിച്ചുവിട്ടെന്ന ഗുരുതരമായ ആരോപണത്തില്‍ അനില്‍ അംബാനിക്ക് തിരിച്ചടി. ഈ കേസിലെ ആരോപണങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിനായി അംബാനിയും കോര്‍പ്പറേറ്റ് ഗ്രൂപ്പും സമര്‍പ്പിച്ച അപേക്ഷകള്‍ ഇന്ത്യയുടെ വിപണി നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) തള്ളിക്കളഞ്ഞു. റോയിട്ടേഴ്സ് പരിശോധിച്ച രേഖകളിലൂടെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.
കമ്പനി ഫണ്ടുകള്‍ പൊതു ഓഹരി ഉടമകള്‍ക്ക് പ്രയോജനകരമാകുന്നതിന് പകരം, അംബാനിയും സംഘവും വ്യക്തിഗത വളര്‍ച്ചക്കായി ദുരുപയോഗം ചെയ്തുവെന്നാണ് സെബിയുടെ പ്രധാന ആരോപണം. ഈ ഇടപാടുകളില്‍ ഉള്‍പ്പെട്ട സിഎല്‍ഇ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം സ്വതന്ത്രമാണെന്നാണ് റിലയന്‍സ് അവകാശപ്പെട്ടതെങ്കിലും, അത് അംബാനിയുടെ തന്നെ നിയന്ത്രണത്തിലുള്ള ഗ്രൂപ്പ് കമ്പനിയാണെന്ന് സെബി കണ്ടെത്തി. ഏകദേശം 17,670 കോടി രൂപ ഇത്തരത്തില്‍ വഴിതിരിച്ചുവിട്ടതായി സെബി സംശയിക്കുന്നു. സമാനമായ സാമ്പത്തിക ക്രമക്കേടുകളില്‍ മറ്റ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ നടത്തുന്ന സമാന്തര അന്വേഷണങ്ങളും സെബി പരിഗണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
തെറ്റ് സമ്മതിക്കാതെ തന്നെ പിഴ അടച്ച് കേസ് ഒത്തുതീര്‍പ്പാക്കാനായിരുന്നു അംബാനിയുടെ നീക്കം. എന്നാല്‍, ഈ അപേക്ഷ തള്ളിയതോടെ ഇനി സെബിയുടെ വിശദമായ അന്വേഷണത്തിനും കടുത്ത നടപടികള്‍ക്കും അംബാനി ഗ്രൂപ്പ് വഴങ്ങേണ്ടി വരും. വരും ദിവസങ്ങളില്‍ വലിയ നിയമനടപടികള്‍ക്ക് ഇത് വഴിതുറന്നേക്കും. ആരോപണങ്ങളെല്ലാം അനില്‍ അംബാനി ഗ്രൂപ്പ് പൂര്‍ണ്ണമായും നിഷേധിച്ചു. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും കമ്പനി വക്താവ് അറിയിച്ചു. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ പുതിയ ഫണ്ട് സമാഹരണത്തിന് തയാറെടുക്കുന്ന സമയത്ത് പുറത്തുവന്ന ഈ വാര്‍ത്ത കമ്പനിയുടെ വിപണി സാധ്യതകളെയും പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

