ദേശീയ വാർത്ത:
നീറ്റ് യുജി പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ ചോർച്ച ഒരു സംഘടിത അഴിമതിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. സംഭവത്തിൽ കേന്ദ്ര സർക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ‘അമൃതകാലം’ വിദ്യാർത്ഥികൾക്ക് ‘വിഷക്കാല’മായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെയും സ്വപ്നങ്ങളെയും ബിജെപിയുടെ അഴിമതി ഭരണം തകർത്തു. രാജ്യത്തെ യുവാക്കളുടെ ഭാവിക്ക് നേരെയുള്ള കുറ്റകൃത്യമാണിത്. ചോദ്യപേപ്പർ ചോർത്തിയ മാഫിയ സംഘങ്ങൾ എപ്പോഴും രക്ഷപ്പെടുമ്പോൾ, ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ദുരിതം അനുഭവിക്കുന്നത്. പണവും സ്വാധീനവുമാണ് ഒരാളുടെ ഭാവി തീരുമാനിക്കുന്നതെങ്കിൽ പിന്നെ വിദ്യാഭ്യാസത്തിന്റെ ആവശ്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. പരീക്ഷ റദ്ദാക്കിയതോടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വീണ്ടും വലിയ മാനസിക സമ്മർദ്ദവും സാമ്പത്തിക പ്രതിസന്ധിയും നേരിടാൻ പോവുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
കഴിഞ്ഞ മെയ് 3-ന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന് വ്യക്തമായതോടെയാണ് ഈ വർഷത്തെ പരീക്ഷ പൂർണ്ണമായും റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചത്. പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസ്യത വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ പുനഃപരീക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. പുനഃപരീക്ഷ ഉടൻ നടത്തും. ഇതിനായുള്ള പുതിയ വിജ്ഞാപനം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഉടൻ പുറത്തിറക്കും. പരീക്ഷ എഴുതുന്ന കുട്ടികൾക്കായി പുതിയ ഹാൾടിക്കറ്റുകൾ വിതരണം ചെയ്യും. ഒരിക്കൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ പുതിയതായി രജിസ്ട്രേഷൻ നടത്തേണ്ടതില്ല. ഇതിനായി വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ലെന്നും എൻ.ടി.എ അറിയിച്ചു.

