കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. കൊൽക്കത്തയിലെ ഭവാനിപ്പൂരിൽ മുഖ്യമന്ത്രി മമത ബാനർജി ജനവിധി തേടുന്നത് ഇത്തവണത്തെ പ്രധാന ആകർഷണമാണ്. ഇന്ന് 142 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വോട്ടർമാർക്ക് ആശങ്കയില്ലാതെ വോട്ട് രേഖപ്പെടുത്താൻ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി രണ്ടര ലക്ഷത്തോളം കേന്ദ്ര സേന ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. എൻഐഎ സംഘം എട്ട് ജില്ലകളിൽ പ്രത്യേക ക്യാമ്പ് ചെയ്ത് നിരീക്ഷണം നടത്തുന്നു. അക്രമ സാധ്യത കണക്കിലെടുത്ത് തൃണമൂൽ കോൺഗ്രസ് കൗൺസിലർമാർ ഉൾപ്പെടെ രണ്ടായിരത്തി അഞ്ഞൂറോളം ആളുകളെ മുൻകരുതലായി തടങ്കലിലാക്കിയിട്ടുണ്ട്.ദക്ഷിണ ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന മേഖലയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ തവണ ഈ മേഖലയിലെ 77 സീറ്റുകളിൽ 18 എണ്ണം മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. തൃണമൂലിന് തുടർഭരണം ഉറപ്പാക്കിയ ഈ മേഖല പിടിച്ചെടുക്കുക എന്നതാണ് ഇത്തവണ ബിജെപിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ പ്രചാരണം നടത്തി. എന്നാൽ ബംഗാൾ ജനത തങ്ങൾക്കൊപ്പം നിൽക്കുമെന്ന വിശ്വാസത്തിലാണ് തൃണമൂൽ കോൺഗ്രസ്. കോൺഗ്രസ് – സിപിഐഎം സഖ്യവും തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകാൻ സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരത്തോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
Related Posts
Add A Comment

