കൊച്ചി: മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കോടതിയിൽ തുടർച്ചയായി ഹാജരാകാത്തതിനെത്തുടർന്നാണ് നിയമനടപടി.
മുട്ടിലിൽ നിന്ന് മുറിച്ച മരങ്ങൾ അമ്പലമേട്ടിലെ തടി ഫാക്ടറിയിൽ എത്തിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വനംവകുപ്പ് ഈ തടികൾ പിന്നീട് കണ്ടെത്തി കണ്ടുകെട്ടിയിരുന്നു. തങ്ങളെ കബളിപ്പിച്ചുവെന്ന് ആരോപിച്ച് തടി ഫാക്ടറി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ പൊലീസ് കേസെടുത്തത്.
കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ വിടുതൽ ഹർജി സമർപ്പിച്ചിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു. ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവിടുന്നും അനുകൂലമായ വിധി ലഭിച്ചില്ല. തുടർന്ന് വിചാരണ കോടതിയിൽ ഹാജരാകാൻ കർശന നിർദേശം നൽകിയിരുന്നെങ്കിലും പ്രതികൾ ഇതിന് വിസമ്മതിച്ചു. കോടതിയുടെ നിർദേശം അവഗണിച്ച സാഹചര്യത്തിൽ പ്രതികൾക്കെതിരെ തുടർനടപടികൾ കർശനമാക്കാനാണ് സാധ്യത.

