ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ ഡീപ്ഫെയ്ക്കുകളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും വ്യാപിക്കുന്നത് തടയാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ. ഡിജിറ്റൽ ഇടങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അൽഗോരിതങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന് മെറ്റയോട് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നിർദേശിച്ചു. മന്ത്രാലയ പ്രതിനിധികളും മെറ്റ അധികൃതരും തമ്മിൽ നടത്തിയ ഉന്നതതല ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
കൃത്രിമമായി നിർമിച്ച ചിത്രങ്ങളും വീഡിയോകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും അതിവേഗം പ്രചരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ വേഗത്തിൽ കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. സർക്കാർ ഏജൻസികൾ നിയമപരമായി ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കൂടാതെ, നിലവിലെ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സർക്കാർ ഏജൻസികളുമായി കൂടുതൽ ഏകോപനത്തോടെ പ്രവർത്തിക്കുന്നതിനും മെറ്റ തയാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
ഡീപ്ഫെയ്ക്കുകൾ ഉൾപ്പെടെയുള്ള കൃത്രിമ ഉള്ളടക്കങ്ങൾ തടയാൻ സ്വീകരിക്കാവുന്ന സാങ്കേതിക നടപടികളുടെ രൂപരേഖ മെറ്റാ പ്രതിനിധികൾ യോഗത്തിൽ അവതരിപ്പിച്ചു. വിഷയത്തിൽ നിലനിൽക്കുന്ന വെല്ലുവിളികൾ കമ്പനി അംഗീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ നിയന്ത്രണങ്ങൾ കേന്ദ്രം കർശനമാക്കിയത്. രാഷ്ട്രീയ നേതാക്കൾ, സിനിമാ താരങ്ങൾ, കായികതാരങ്ങൾ തുടങ്ങി പ്രമുഖരെ ലക്ഷ്യമിട്ടുള്ള വ്യാജപ്രചാരണങ്ങൾ വലിയ സാമൂഹിക ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, സാങ്കേതിക കമ്പനികളുടെ ഉത്തരവാദിത്വം കൂടുതൽ ശക്തമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച തുടർചർച്ചകൾ വരുംദിവസങ്ങളിലും തുടരും.

