ന്യൂഡൽഹി: ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് യുവാക്കളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലെ ജനപ്രിയ ‘ഗെറ്റ് റെഡി വിത്ത് മി’ (GRWM) ട്രെൻഡ് ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ കൈത്തറി വസ്ത്രങ്ങൾ ധരിച്ച് റീലുകളും വീഡിയോകളും പങ്കുവെക്കാൻ പ്രധാനമന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തു. ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കാനും നെയ്ത്തുകാരെയും ചെറുകിട ഉൽപ്പാദകരെയും പിന്തുണയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ തനത് കൈത്തറി വസ്ത്രങ്ങൾ വീഡിയോയിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സന്ദേശം പങ്കുവെച്ചത്. 1905-ലെ സ്വദേശി പ്രസ്ഥാനത്തിന്റെ ചരിത്രപ്രാധാന്യം ഓർമ്മിപ്പിച്ച അദ്ദേഹം, ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്ന അതേ ആവേശത്തോടെ ഓഗസ്റ്റ് ഏഴിന് ദേശീയ കൈത്തറി ദിനവും ആഘോഷിക്കണമെന്ന് അഭ്യർഥിച്ചു. നെയ്ത്തുകാരുടെ അധ്വാനത്തെ ആദരിക്കുന്നതിനൊപ്പം ‘ആത്മനിർഭർ ഭാരത്’ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പ്പായും കൈത്തറി ഉൽപ്പന്നങ്ങളുടെ ഉപയോഗം മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവാക്കൾക്കിടയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കിടയിലും ഏറെ ജനപ്രീതിയുള്ള ഫോർമാറ്റിലൂടെയുള്ള ഈ പ്രചാരണം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. അതേസമയം, കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ രാഷ്ട്രപതി ഭവൻ കൾച്ചറൽ സെന്ററിൽ നടക്കുന്ന ദേശീയ കൈത്തറി ദിനാഘോഷത്തിൽ ദ്രൗപദി മുർമു മുഖ്യാതിഥിയാകും. ചടങ്ങിൽ മികച്ച നെയ്ത്തുകാർക്കുള്ള സന്ത് കബീർ പുരസ്കാരവും ദേശീയ കൈത്തറി പുരസ്കാരങ്ങളും വിതരണം ചെയ്യും.

