ലണ്ടൻ: ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് യുകെയുടെ സാമ്പത്തിക മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ സാഹചര്യം തുടരുകയാണെങ്കിൽ 2027-ഓടെ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥ വലിയ തകർച്ചയെ നേരിടേണ്ടി വരുമെന്നും, സമ്പദ്‌വ്യവസ്ഥയിൽ 0.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തുമെന്നുമാണ് വിലയിരുത്തൽ. 2026 അവസാനത്തോടെ പണപ്പെരുപ്പം 6.4 ശതമാനമായി ഉയരാൻ സാധ്യതയുണ്ടെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബറോടെ കടലിടുക്ക് വീണ്ടും തുറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഇവൈ (EY) ആണ് വിഷയത്തിൽ ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വരും മാസങ്ങളിൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ കാലതാമസം നേരിട്ടാൽ അത് യുകെയെ മാത്രമല്ല, ആഗോളതലത്തിൽ മറ്റ് പല രാജ്യങ്ങളെയും സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന് യുകെ ചീഫ് ഇക്കണോമിസ്റ്റ് പീറ്റർ ആർനോൾഡ് വ്യക്തമാക്കി. യുകെയെ സംബന്ധിച്ചിടത്തോളം സ്ഥിതി കൂടുതൽ സങ്കീർണ്ണമാകുമെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഊർജ മേഖലയിലുണ്ടാകുന്ന തിരിച്ചടിയാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. എണ്ണയുടെയും ഇറക്കുമതി ചെയ്യുന്ന വാതകങ്ങളുടെയും വിലയിൽ വിപണി പ്രതീക്ഷിക്കുന്നതിനേക്കാൾ 30 മുതൽ 60 ശതമാനം വരെ വർധനവാണ് ഊർജ മേഖലയിൽ പ്രവചിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ പണപ്പെരുപ്പം 4.5 ശതമാനമായി ഉയർന്നിട്ടുണ്ട്. ആഗോള എണ്ണ, വാതക വിതരണത്തിന്റെ നിർണ്ണായക പാതയായ ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് ഇന്ധന, വൈദ്യുതി ചെലവുകൾ കുത്തനെ വർദ്ധിപ്പിക്കും. ഇത് ബ്രിട്ടീഷ് ബിസിനസുകളുടെ ഉൽപാദനച്ചെലവ് ഉയർത്തുന്നതിനും ആഗോളതലത്തിൽ പണപ്പെരുപ്പം വർദ്ധിക്കുന്നതിനും കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

