വിശാഖപട്ടണം: ‘സ്വർണ ആന്ധ്ര’ എന്ന വികസന ദർശനം യാഥാർഥ്യമാക്കുന്നതിൽ ഇന്നത്തെ ദിവസം നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. വിജയനഗരം ജില്ലയിലെ ഭോഗപുരം അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ചും, സംസ്ഥാനത്ത് 18,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭോഗപുരം വിമാനത്താവളം ഉത്തര ആന്ധ്രയുടെ വികസനത്തിനുള്ള പുതിയ റൺവേയും യുവജനങ്ങളുടെ പുരോഗതിക്കുള്ള ലോഞ്ച് പാഡുമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആദിവാസി അവകാശങ്ങൾക്കായി ജീവൻ സമർപ്പിച്ച വിപ്ലവ നായകൻ അല്ലൂരി സീതാരാമ രാജുവിന്റെ പേരിലുള്ള വിമാനത്താവളം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ വിമാനത്താവളങ്ങൾക്ക് ഒരു കുടുംബത്തിന്റെ പേര് മാത്രം നൽകുന്ന പതിവ് ഉണ്ടായിരുന്നുവെന്നും, എന്നാൽ ഇന്ന് രാജ്യത്തിന്റെ സംസ്കാരത്തെയും മഹാന്മാരെയും ആദരിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2014-ന് മുമ്പ് രാജ്യത്ത് 74 വിമാനത്താവളങ്ങൾ മാത്രമായിരുന്നെങ്കിൽ, ഇന്ന് ആ എണ്ണം 166 ആയി ഉയർന്നുവെന്നും ഉഡാൻ പദ്ധതിയിലൂടെ സാധാരണക്കാർക്കും വിമാനയാത്ര യാഥാർഥ്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെയും നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ സംസ്ഥാനത്തിന്റെ വികസനം ഇരട്ട വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകുകയാണെന്നും അദ്ദേഹം അഭിനന്ദിച്ചു.
ആന്ധ്രാപ്രദേശിന്റെ തീരദേശ സാമ്പത്തിക ഇടനാഴി വികസിപ്പിച്ച് ബ്ലൂ ഇക്കോണമി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂലപേട്ട, രാമയപട്ടണം എന്നിവിടങ്ങളിൽ പുതിയ തുറമുഖങ്ങൾ നിർമ്മിക്കുമെന്നും നിലവിലുള്ളവ നവീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗതി ശക്തി മാസ്റ്റർ പ്ലാൻ വഴി റെയിൽവേ, തുറമുഖം, വിമാനത്താവളം എന്നിവയെ ഒരൊറ്റ ലോജിസ്റ്റിക് ശൃംഖലയായി വികസിപ്പിക്കുന്നത് കർഷകർക്കും വ്യവസായികൾക്കും വലിയ നേട്ടമാകും. സെമികണ്ടക്ടർ നിർമ്മാണ യൂണിറ്റ്, ഫാർമ പാർക്ക്, ഹരിത ഊർജ്ജ നിക്ഷേപം എന്നിവയിലൂടെ ആന്ധ്രാപ്രദേശ് വരും വർഷങ്ങളിൽ ഏഷ്യയിലെ പ്രധാന വ്യാവസായിക-സാമ്പത്തിക കേന്ദ്രമായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

