ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ സുരക്ഷ, ഊർജ ലഭ്യത, വള വിതരണം, വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ എന്നിവ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാബിനറ്റ് കമ്മിറ്റി പ്രത്യേക യോഗം ചേർന്നു. നിലവിലെ സാഹചര്യത്തിൽ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സമയബന്ധിതമായി നടപ്പാക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും പ്രധാനമന്ത്രി കർശന നിർദേശം നൽകി. സാഹചര്യം തുടർച്ചയായി നിരീക്ഷിക്കുന്നതിനും തീരുമാനങ്ങൾ അതിവേഗം കൈക്കൊള്ളുന്നതിനുമായി ഏകോപിത സംവിധാനമൊരുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തിൽ പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സാഹചര്യം കാബിനറ്റ് സെക്രട്ടറി വിശദീകരിച്ചു. എൽപിജി, എൽഎൻജി, അസംസ്കൃത എണ്ണ എന്നിവയുടെ ലഭ്യതയും രാജ്യത്തെ നിലവിലെ സംഭരണശേഷിയും പര്യാപ്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽ നിന്ന് ഊർജ ഇറക്കുമതി ഉറപ്പാക്കിയതോടെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണത്തിൽ ആശങ്ക വേണ്ടതില്ല. കൂടാതെ, കേന്ദ്ര പൊതുമേഖലാ റിഫൈനറികൾ ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നതിനാൽ പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ള ഇന്ധനങ്ങളുടെ ഉൽപ്പാദനവും വിതരണവും തടസ്സമില്ലാതെ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
റാബി സീസണിലേക്കുള്ള വള ലഭ്യതയും യോഗം വിശദമായി വിലയിരുത്തി. കർഷകർക്ക് വളം തടസ്സമില്ലാതെ ലഭ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശമുണ്ട്. സംഘർഷ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കാനും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. അവർക്കും കുടുംബങ്ങൾക്കും സഹായവും കൗൺസിലിംഗ് സേവനങ്ങളും ലഭ്യമാക്കും. ദീർഘകാല ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളിലേക്കുള്ള ആശ്രയം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും യോഗത്തിൽ ചർച്ചയായി. രാജ്യത്തിന്റെ തന്ത്രപരവും സാമ്പത്തികവുമായ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.

