മുംബൈ: ബാങ്ക് ഓഫ് ബറോഡയുടെ സിസ്റ്റത്തില്‍ നുഴഞ്ഞുകയറി ഹാക്കര്‍മാര്‍ വലിയ തോതിലുള്ള ഡാറ്റാ ചോര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. ഏകദേശം 1 ടിബി വലിപ്പമുള്ള സെന്‍സിറ്റീവ് ഡാറ്റ ഇവര്‍ ചോര്‍ത്തുകയും, അത് ഡാര്‍ക്ക് വെബില്‍ സൗജന്യമായി പങ്കുവെക്കുകയും ചെയ്തതായാണ് വിവരം. ഉപഭോക്താക്കളുടെ ആധാര്‍ നമ്പറുകള്‍, പേരുകള്‍, വായ്പാ വിവരങ്ങള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങളും കോര്‍പ്പറേറ്റ് ബാങ്കിംഗ് വിശദാംശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ജൂലൈ 25-ന് ഡാര്‍ക്ക് വെബ് ട്രാക്കിംഗ് സൈറ്റായ ‘റാന്‍സംവെയര്‍ ഡോട്ട് ലൈവ്’ ആണ് ഈ സുരക്ഷാ വീഴ്ച ആദ്യമായി പുറത്തുകൊണ്ടുവന്നത്.
സൈബര്‍ ആക്രമണം സ്ഥിരീകരിച്ചുകൊണ്ട് ബാങ്ക് ഓഫ് ബറോഡ ഔദ്യോഗിക വിശദീകരണം പുറത്തിറക്കി. ബാങ്കിലെ ഒരു ജീവനക്കാരന്റെ ഇമെയില്‍ അക്കൗണ്ടില്‍ അനധികൃതമായി കടന്നുകയറിയതിലൂടെയാണ് ചില വിവരങ്ങളിലേക്ക് പ്രവേശനം ലഭിച്ചതെന്ന് ബാങ്ക് എക്സിലൂടെ അറിയിച്ചു. അതേസമയം, ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ സുരക്ഷിതമാണെന്നും അവ തകര്‍ക്കപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ സമഗ്രമായ ഫോറന്‍സിക് അന്വേഷണം പുരോഗമിക്കുകയാണെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.
ബാങ്ക് ഓഡിറ്റുകള്‍, വായ്പാ വിലയിരുത്തല്‍ രേഖകള്‍, സ്ഥാപനത്തിനുള്ളിലെ ആശയവിനിമയങ്ങള്‍, ‘ബോബ് വേള്‍ഡ്’ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ തുടങ്ങി അതീവ ഗൗരവമുള്ള വിവരങ്ങള്‍ ചോര്ന്നവയിലുണ്ടെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ വിലയിരുത്തുന്നു. ‘ട്രിപ്ലക്സ് എക്സ്’ എന്ന പുതിയ ഹാക്കിംഗ് ഗ്രൂപ്പാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ഈ വര്‍ഷം മെയ് മാസത്തില്‍ ഇന്തോനേഷ്യയിലെ പ്രമുഖ ബാങ്കായ ബി.എന്‍.ഐയില്‍ സമാനമായ രീതിയില്‍ ആക്രമണം നടത്തിയത് ഇതേ ഗ്രൂപ്പാണ്. ബാങ്കിംഗ് മേഖലയിലെ വര്‍ധിച്ചുവരുന്ന സൈബര്‍ ഭീഷണികളുടെ പശ്ചാത്തലത്തില്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കണമെന്ന് വിവിധ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കുന്നു. സംഭവത്തിന്റെ ആധികാരികത പരിശോധിക്കാന്‍ ഉന്നതതല അന്വേഷണം നടന്നുവരികയാണ്.

